മുക്കം: കാരശ്ശേരി ആനയാംകുന്നിൽ യുവതി യുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി സംശയം. മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സ്വപ്ന പോലീസിന് മൊഴി നൽകിയിരുന്നു.
ഖത്തറിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിലെത്തിയതായി വീട്ടുകാർ ഉൾപ്പെടെ ആർക്കും വിവരമില്ല. യുവതിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഗൾഫിൽ നിന്ന് ഇവിടേക്ക് നേരിട്ടെത്തിയ ഇയാൾ വ്യക്തമായി ആസൂത്രണം ചെയ്ത് യുവതി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിൽ കാത്തിരുന്ന് ആസിഡൊഴിച്ച് കുത്തുകയായിരുന്നു വെന്നാണ് കരുതുന്നത്. അടുത്ത വീട്ടിലേക്ക് ഓടികയറിയതിനാലാണ് യുവതി രക്ഷപ്പെട്ടത്.
സംഭവം നടന്നയുടനെ തന്നെ ഇയാൾ വിദേശത്തേക്ക് തന്നെ കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. യുവതി യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾക്കായി ലുക്ഔട്ട് നോട്ടീസ് ഇറക്കുമെന്ന് മുക്കം പോലീസ് പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം ആറോടെ ആനയാത്ത്ക്ഷേത്രത്തിനടുത്ത കോളനി പരിസരത്ത് വെച്ചാണ് യുവതിയെഅക്രമിച്ചത്.
ഗോതമ്പ് റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റായ സ്വപ്ന (31) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടിൽ ഒളിച്ചിരുന്ന അക്രമി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയുംതുടർന്ന് കത്തി കൊണ്ട് കുത്തിയും വെട്ടിയും പരുക്കേൽ പ്പിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതി അത്യാസന്ന തരണം ചെയ്തു. കാഷാലിറ്റിയിൽനിന്ന് ഇവരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.