അമ്പലവയല്‍: വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
നിജിതയുടെ ഭർത്താവ് അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകൾക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവിൽപോയ സനൽ 17 ന് ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കി.
അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു നിജിത. ഇവിടെവച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു.
നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പോലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. ഇക്കാര്യമാകാം പ്രകോപനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ആസിഡ് ആക്രമണത്തിനുശേഷം സനൽ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. 17 ന് ഉച്ചയോടെ തലശേരി കൊടുവള്ളി ട്രാക്കിനടുത്തുനിന്നാണ് സനലിന്റെ മൃതദേഹം കണ്ടെത്തിയത്.