പത്തനംതിട്ട: ഭാര്യയോടുള്ള വിദ്വേഷവും പകയുമാണ് പൊതുനിരത്തില്‍ ആസിഡ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് ഭര്‍ത്താവ് ബിനീഷ്.
13 വര്‍ഷം മുമ്പ് ഗുജറാത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിജീഷ് പ്രീജയെ കണ്ടുമുട്ടുന്നത്. അവിടെവച്ചാണ് വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷമായി പിണക്കത്തിലാണ്. ഇവർക്ക് അഞ്ച്, 12 വയസുള്ള രണ്ട് കുട്ടികളുണ്ട്.
ഇന്നലെ രാവിലെയാണ് പെരുനാട്ടില്‍ നടുറോഡില്‍ ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. പെരുനാട് വെണ്‍കുളം കിഴക്കേതില്‍ പുത്തന്‍വീട്ടില്‍ പ്രീജക്കാണ് (38) കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് ബിനീഷിന്റെ (34) ആക്രമണത്തില്‍ പരിക്കേറ്റത്.
ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്തനംതിട്ടയില്‍ എത്തിയ ബിനീഷ് ഓട്ടോയില്‍ പെരുനാട്ടില്‍ എത്തുകയായിരുന്നു.
മഠത്തുംമൂഴിയില്‍ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് പ്രീജ. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പിന്തുടര്ന്നെത്തിയ ബിനീഷ് പെരുനാട് പവര്‍ ഹൗസ് റോഡിലെത്തിയപ്പോള്‍ കൈയില്‍ കരുതിയ ആസിഡ് പ്രീജയുടെ ശരീരത്തിലേത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു.
യുവതിയുടെ കരച്ചില് കേട്ട് ആളുകളെത്തിയപ്പോഴാണ് ആസിഡ് ആക്രമണം ആണെന്ന് മനസിലായത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറുകയായിരുന്നു.
അക്രമണത്തിനിടയില്‍ ബിനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയുടെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.