പിറവം: രാമമംഗലത്ത് ഒറ്റമുറി വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും നാലു മക്കളുടെയും ദേഹത്തേക്കു ജനാലയിലൂടെ ആസിഡ് ഒഴിച്ചു പൊള്ളലേൽപ്പിച്ചു. ഒരു കുട്ടിക്കു സാരമായി പൊള്ളലേറ്റു.
രാമമംഗലം നെയ്ത്തുശാലപ്പടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയിൽ സ്മിത (40), മക്കളായ നെവിൻ (14), സ്മിജ (13), സിമ്ന (12), സിമ്നു (നാല്) എന്നിവർക്കാണു പൊള്ളലേറ്റത്. സിമ്നയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലു പേരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവുമായി അകന്നുകഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണു താമസം. സംഭവത്തിൽ ഭർത്താവിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റ ഡിയിലെടുത്തു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആക്രമ ണമെന്നു സ്മിത പറഞ്ഞു. വെള്ളം ഒഴിച്ചതാണെന്നാണ് ആദ്യം കരുതിയത്.
ശരീരം പൊള്ളിയപ്പോഴാണ് ആസിഡാണെന്നു മനസിലായത്. ജനലിന്റെ വശത്തു കിടന്നുറങ്ങുകയായിരുന്ന സിമ്നയുടെ ദേഹത്താണു കൂടുതൽ ആസിഡ് വീണത്. കുട്ടിയുടെ കണ്ണിൽ ആസിഡ് വീണതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൂടുതൽ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റാനും മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച പകൽ സമയത്തു വീടിനുള്ളിലുണ്ടായിരുന്ന കിടക്കയ്ക്ക് ആരോ തീയിട്ടിരുന്നു. ഈ വിവരം അറിഞ്ഞു സ്മിത വീട്ടിലെത്തിയപ്പോഴേക്കും മെത്തകൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് മക്കളോടൊപ്പം നിലത്തു പായ വിരിച്ചാണു കിടന്നുറങ്ങിയത്.
ഇവരുടെ കഷ്ടതകൾ കണ്ടു സാമൂഹ്യസേവനരംഗത്തു പ്രവർത്തിക്കുന്ന ചില സംഘടനകളും വ്യക്തികളും ചേർന്നു സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകാൻ മുന്നിട്ടിറങ്ങിയിരുന്നു. പിറവത്തിനടുത്ത് ഓണക്കൂറിൽ വീടിന്റെ പണി പുരോഗമിക്കുകയാണ്. രാമമംഗലം എസ്ഐ എം.പി. എബി കോട്ടയം മെഡിക്കൽ കോളജിലെത്തി മൊഴി രേഖപ്പെടുത്തി.