പയ്യോളി: പൂജാരിയെ ആസിഡ് ഒഴിച്ച് ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന സംഘത്തില്‍ രണ്ട് പേര് . ആക്രമണത്തിന് വിധേയമായ ഹരീന്ദ്രനാഥ് നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് ബാലുശ്ശേരി പനങ്ങാട് അഞ്ഞൂറ്റിമംഗലം വീട്ടില്‍ വിശ്രമിക്കുന്ന ഇദ്ദേഹം സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രം ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണത്തിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ടെന്ന് വ്യക്തമാക്കിയത്.
ഏകദേശം 35 വയസിന് താഴെ പ്രായമുള്ള ആരോഗ്യവാനായ ഒരാളാണ് താനുമായി മല്പിടുത്തം നടത്തിയത്. ഹെല്‍മറ്റും മഴക്കോട്ടും ധരിച്ച ഇയാള്‍ അന്യസംസ്ഥാനക്കാരനല്ലെന്ന് ആദ്ദേഹം ഉറപ്പിച്ച് പറയുന്നു. ക്ഷേത്രകുളത്തിലേക്കുള്ള വഴിയിലെവിടേയോ ഒളിച്ചിരുന്ന് തന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചാണ് മോഷ്ടാവ് സ്വര്‍ണ്ണമാലയും രണ്ട് മൊബൈല്‍ ഫോണുകളും ചുറ്റമ്പലത്തിന്റെ താക്കോലും അടങ്ങിയ സഞ്ചി കൈക്കലാക്കാന്‍ ശ്രമം നടത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്രവളപ്പിലെ കുളിമുറിയില്‍ നിന്നു കുളിച്ച ശേഷമാണ് മണിയൂരിലെ ഗണപതിഹോമം നടത്താനുള്ള വീട്ടിലേക്ക് പോയത്. തിരിച്ച് വന്ന ശേഷം ക്ഷേത്ര ഓഫീസിന് മുകളിലെ താമസ മുറിയില്‍ എത്തിയ ശേഷം ക്ഷേത്രകുളത്തില്‍ കുളിക്കാനായി വടക്ക് വശത്തെ വഴിയിലൂടെ പോവുന്നതിനിടെ ശുചിമുറിയില്‍ കയറുകയായിരുന്നു.
പാതി ചാരിയിട്ട വാതിലിലൂടെയാണ് പുറത്ത് വെച്ച സഞ്ചി കൈക്കലാക്കാന്‍ മോഷ്ടാവ് ശ്രമിക്കുന്നത് ശ്രദ്ദയില്‍ പെട്ടത്. ഉടന്‍ തന്നെ പുറത്തിറങ്ങി സഞ്ചി തിരിച്ച് കിട്ടാനായി മല്പിടുത്തം നടത്തുകയായിരുന്നു. ഇതിനിടയിലാണ് മോഷ്ടാവ് ആസിഡ് ഒഴിച്ചത്. ആദ്യം പതറിപോയെങ്കിലും ധൈര്യം സംഭരിച്ച് ഇയാള്‍ക്ക് പുറകേ ഓടി. ഇതിനിടയില്‍ കയ്യില്‍ കരുതിയ മുളക് പൊടി അടങ്ങിയ കവര്‍ മോഷ്ടാവ് ഇദ്ദേഹത്തിന് നേരെ എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റി.
നേരത്തെ മറ്റൊരാള്‍ തയ്യാറാക്കി നിര്‍ത്തിയ ബൈക്കില്‍ മോഷ്ടാവ് കയറി രക്ഷപ്പെടുകയായിരുന്നു. 75 ല്‍ തുടങ്ങുന്ന നമ്പര്‍ ആണ് ബൈക്കില്‍ ഉള്ളതെന്ന് ഹരീന്ദ്രനാഥ് നമ്പൂതിരി പറയുന്നു. ഹീറോ ഹോണ്ട സ്പ്ലെണ്ടറിനോട് സാമ്യമുള്ള ബൈക്കാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചത്. അതേ സമയം മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത ലോറി ഡ്രൈവര്‍ ഇന്നലെ രാവിലെ സ്റ്റേഷനില്‍ എത്തി ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചു.
പയ്യോളിയിലോ പരിസരത്തോ തന്റെ വാഹനം നിര്ത്തിയിരുന്നില്ലെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. എന്നാല്‍ സിഗ്നല്‍ കാത്തു മൂരാട് പാലത്തിന് വടക്ക് വശത്ത് അല്പ നേരം നിര്‍ത്തിയിടേണ്ടി വന്നതായും ഇയാള്‍ പോലീസിന് നല്കിയ മൊഴിയില്‍ ഉള്ളതായാണ് വിവരം.
ഇടത് കണ്ണിനാണ് ഹരീന്ദ്രനാഥിന് പരിക്ക്. ഫോര്‍മിക് ആസിഡാണ് അക്രമികള്‍ പ്രയോഗിച്ചതെന്നാണ് സയന്റിഫിക് വിദഗ്ധര്‍ പോലീസിന് നല്കിയ വിവരം. വിശദമായ പരിശോധനകള്‍ക്കായി ഇത് പോലീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ സൂക്ഷിച്ച നിലയിലാണ് ആസിഡ് കണ്ടെടുത്തത്. അതിനാല്‍ വീര്യം കുറച്ച ശേഷമാകും അക്രമികള്‍ ഇത് കൊണ്ട് വന്നിരിക്കുക എന്ന നിഗമനത്തിലാണ് പോലീസ്.