തലശേരി: ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുകയും 11 വയസുകാരിയായ മകളെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് മുമ്പാകെ തുടങ്ങി. വളപട്ടണം മിൽ റോഡിൽ ടി.ടി. താഹിറയെ (32) കൊലപ്പെടുത്തുകയും മകൾ ഷാജിയെ പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിന്റെ വിചാരണയാണ് കോടതിയിൽ ആരംഭിച്ചത്.
താഹിറയുടെ ഭർത്താവും മൽസ്യതൊഴിലാളിയുമായ മംഗലാപുരം ഉള്ളാളം സ്വദ്ദേശി അൽത്താഫാണ് (38) കേസിലെ പ്രതി. കൊല്ലപ്പെട്ട താഹിറയുടെ സഹോദരി ടി.ടി. ആമിനയുടെ വിസ്താരം പൂർത്തിയായി. താമസിച്ചിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വില്പന നടത്തി ഉള്ളാളത്തേക്ക് താമസം മാറ്റണമെന്ന ആവശ്യം നിരാകരിച്ച വിരോധം വെച്ചാണ് താഹിറയെ പ്രതി അസിഡ് ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് ആമിന കോടതിയിൽ മൊഴി നൽകി.
2010 ഡിസംബർ 29 ന് ഉച്ചക്ക് 1.30 നാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണം കഴിക്കാൻ താഹിറയും ഭർത്താവും മുറിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് മുറിയിൽ നിന്നും കരച്ചിൽ കേട്ടു. ചെന്നു നോക്കിയപ്പോൾ അൽത്താഫ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നത് കണ്ടു.
മുറിക്കകത്ത് താഹിറയെ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.ഉടൻ എകെജി ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രാത്രി ഒന്പതോടെ മരണമടഞ്ഞതായി ആമിന മൊഴി നൽകി. താഹിറയുടെ മകളുടെ വിസ്താരം ഇന്ന് നടക്കും.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരാക്കുന്ന ഈ കേസിന്റെ കുറ്റപത്രം വളപട്ടണം സിഐയായിരുന്ന ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു.പ്രേമനാണ് സമർപ്പിച്ചത്. ഭർത്താവാണ് തന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ താഹിറ പറഞ്ഞിരുന്നു. മരണ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് ഉൾപ്പെടെ 27 സാക്ഷികളാണുള്ളത്.