ഒരാള്‍ക്ക് നന്മ വരുന്നത് സഹിക്കാന്‍ കഴിയാത്തവരായി ധാരാളം പേരുണ്ട്. എന്നാല്‍ കൂട്ടുകാരിയുടെ സന്തോഷം സ്വന്തം സന്തോഷമായിത്തന്നെ കരുതും എന്ന് വിചാരിച്ച ഉറ്റ സുഹൃത്ത് തന്റെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞാല്‍ എന്ത് ചെയ്യും? അതും ഒരു യുവതി. ഒരു നിമിഷം തോന്നിയ അസൂയയുടെ പുറത്താണ് ഏറ്റവുമടുത്ത സുഹൃത്ത് കന്‍വാല്‍ എന്ന 29 വയസ്സുകാരിയുടെ മുഖം ആസിഡൊഴിച്ചു വികൃതമാക്കിയത്. താന്‍ ഒരു എയര്‍ഹോസ്റ്റസ് ആകാന്‍ പോകുന്നു എന്ന വാര്‍ത്ത പങ്കുവെച്ചതിനെത്തുടര്‍ന്നാണ് കനവാലിന്റെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്. എയര്‍ഹോസ്റ്റസ് ആയാല്‍ കന്‍വാലിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന നന്മയും പ്രശസ്തിയുമൊക്കെയോര്‍ത്തപ്പോള്‍ അസൂയ പൂണ്ട സുഹൃത്താണ് ആ കടുംകൈ ചെയ്തത്.
എന്നാല്‍ ജീവിതത്തില്‍ സംഭവിച്ചതിന്റെ ദുരന്തത്തെയോര്‍ത്തു തളരാന്‍ അവള്‍ തയാറായില്ല. ആസിഡ് ആക്രമണത്തിലുണ്ടായ വടുക്കളും മുഖത്തെ വൈകൃതവും ചികിത്സയിലൂടെ ഒരുപരിധിവരെ മറികടക്കാന്‍ അവള്‍ക്കായി. മുഖസൗന്ദര്യത്തിലല്ല കാര്യം. ഏതു പ്രതികൂലമായ പ്രതിസന്ധിതികളിലും തളരാതെ പോരാടാനുള്ള മനസ്സാണ് വേണ്ടതെന്നു തെളിയിച്ചുകൊണ്ട് അവള്‍ വിവാഹവും കഴിച്ചു. ഇത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ തന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്നാണ് കന്‍വാലിന്റെ ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്ററിലെ ഡോക്ടര്‍ അസിംഷമാല്‍ക്ക് പോലും പറയുന്നത്. ആസിഡ് ആക്രമണത്തില്‍ അവളുടെ മൂക്കും മുഖത്തിന്റെ ഒരു ഭാഗവും ഉരുകിപ്പോയിരുന്നു.
എന്നാല്‍ മികച്ച ചികിത്സയും അവളുടെ ആത്മവിശ്വാസവും കൂടിച്ചേര്‍ന്നപ്പോള്‍ അവളുടെ മുഖത്തിന്റെ രൂപം പതുക്കെ തിരിച്ചുവരുന്നുണ്ട്. പുതുതായി വെച്ചുപിടിപ്പിച്ച പുരികങ്ങളും കണ്‍പീലികളും കണ്ടപ്പോള്‍ ഒരു കൊച്ചുകുട്ടിയെന്നപോലെ അവള്‍ സന്തോഷം പ്രകടിപ്പിച്ചു. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. സമാനമായ അപകടങ്ങളെ നേരിടേണ്ടി വന്നവര്‍ക്കും ജീവിതത്തില്‍ വിവിധ തരത്തിലുള്ള നിരാശകള്‍ക്ക് അടിപ്പെട്ട് കഴിയുന്നവര്‍ക്കും ആശ്വാസവും പ്രോത്സാഹനവുമേകുന്നതാണ് കന്‍വാലിന്റെ ജീവിതം.