തലശേരി: വിവാഹ അഭ്യർഥന നിരസിച്ച യുവതിയേയും നാല് വയസുകാരനായ മകനേയും ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കോടതിയിൽ ആരംഭിച്ചു. പിലാത്തറ ചെറുതാഴത്ത് ആദം വീട്ടിൽ ജയിംസ് ആന്റണി (48) പ്രതിയായ കേസിന്റെ വിചാരണയാണ് കോടതിയിൽ ആരംഭിച്ചത്. സംഭവത്തിൽ പൊള്ളലേറ്റ പെൺകുട്ടിയും പിതാവും പ്രതിയെ വിചാരണ വേളയിൽ തിരിച്ചറിഞ്ഞു. പെൺകുട്ടിയുടെ പിതാവു കൂടിയായ ഒന്നാം സാക്ഷിയുടെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും പൂർത്തിയായി.
സാന്താക്ലോസിന്റെ വേഷത്തിലെത്തിയ പ്രതി മകളുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും താനും മകളും പേരക്കുട്ടിയും ക്രിസ്മസ് തലേന്ന് പള്ളിയിൽ പോകുന്ന സമയം പ്രതി നേരത്തെ ചോദിച്ചറിഞ്ഞിരുന്നതായും സാക്ഷി കോടതിയിൽ പറഞ്ഞു.
വിവാഹഭ്യർഥന നിരസിച്ച വിരോധത്തിലാണ് പ്രതി തന്റെ മുഖത്ത് ആസിഡ് ഒഴിച്ചതെന്നും സീരിയലിൽ അഭിനയിക്കുന്നതിനുള്ള ഇന്റർവ്യൂവിന് താൻ എറണാകുളത്ത് പോയതിലും പ്രതിക്ക് വിരോധമുണ്ടായിരുന്നതായും യുവതി കോടതിയിൽ മൊഴി നൽകി.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായിരുന്ന യുവതി പ്രതിയുടെ നിരന്തരമായ ശല്യം കാരണം വിവാഹബന്ധം വേർപെടുത്തിയിരുന്നുവെന്നും പ്രതി യുവതിയെ വിവാഹം കഴിക്കാനായി ശല്യപ്പെടുത്തിയെങ്കിലും യുവതി വഴങ്ങിയില്ലെന്നും ഇതിൽ പ്രകോപിതനായ പ്രതി ക്രിസ്മസ് തലേ ദിവസം രാത്രി യുവതിയും പിതാവും മക്കളുമൊന്നിച്ച് പരിയാരത്ത് പള്ളിയിൽ പോവുമ്പോൾ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംമ്പർ 24 ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം.
യുവതിയുടെ പിതാവ് റോബർട്ടിന്റെ പരാതി പ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ.പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രനും പ്രതിക്ക് വേണ്ടി അഡ്വ.ടി.പി.ഹരീന്ദ്രനുമാണ് ഹാജരാവുന്നത്. പരിക്കേറ്റ യുവതിയുടെ ചീഫ് വിസ്താരം 27 ന് തുടക്കം.