അഞ്ചുവര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തിനിരയായ യുവതിക്കു റോങ് നമ്പറിലൂടെ വിവാഹം. 2012ല്‍ ഉണ്ടായ ആസിഡ് ആക്രമണത്തെത്തുടര്‍ന്ന് 17 ശസ്ത്രക്രിയകള്‍ക്കു വിധേയയായ ലളിത ബന്‍സി (26)യുടെ ജീവിതമാണ് ഒരു ഫോണ്‍വിളിയില്‍ മാറി മറിഞ്ഞത്. ടെലിഫോണ്‍ സൗഹൃദത്തില്‍ പരിചയപ്പെട്ട രാഹുല്‍ കുമാറിനെയാണ്(രവി) ബന്‍സി വിവാഹം കഴിച്ചത്. ആസിഡ് ആക്രമണ ഇരകളെ പുനരധിവസിപ്പിക്കുന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിലായിരുന്നു വിവാഹം.
മലാഡിലെ സ്വകാര്യ സ്ഥാപനത്തില്‍ സിസിടിവി ഓപ്പറേറ്ററാണു രാഹുല്‍. ലളിതയുടെ തുടര്‍ചികിത്സകളുടെ ചെലവ് ബോളിവുഡ് താരം വിവേക് ഒബ്റോയി ഏറ്റെടുത്തിട്ടുണ്ട്. വിവേക് ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനും എത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് ഇവരുടെ പ്രണയം തുടങ്ങിയത്. ആപ്രതീക്ഷിതമായെത്തിയ ഒരു ഫോണ്‍വിളിയിലൂടെയായിരുന്നു ഇവരുടെ ബന്ധത്തിന് തുടക്കമായത്. ലളിത മാത്രമല്ല, 27കാരനായ രവി ശങ്കര്‍ സിങ്ങും ഇതു തന്നെയാണ് പറയുന്നത്. തന്റെ ഫോണില്‍ അപ്രതീക്ഷിതമായി വന്ന ആ നമ്പറാണ് ജീവിതത്തെ മാറ്റി മറിച്ചതെന്ന്. ലളിതക്കു പറ്റിയ ഒരു അബദ്ധമായിരുന്നു ആ ഫോണ്‍കാള്‍. എന്നാല്‍ റോങ് നമ്പറാണെങ്കിലും ആ ശബ്ദത്തോട് വല്ലാത്ത ഒരു ആകര്‍ഷണീയത തോന്നി രവിക്ക്. പതിനഞ്ചു ദിവസത്തിനു ശേഷം അയാള്‍ തിരിച്ചു വിളിച്ചു ലളിതയെ. അല്‍പ്പം സങ്കോചത്തോടെയായിരുന്നു വിളി. അന്ന് അവര്‍ കുറച്ചു നേരം സംസാരിച്ചു. ‘ സത്യം പറയാലോ..അന്നു തന്നെ ആശബ്ദത്തെ ഞാന്‍ പ്രണയിച്ചു തുടങ്ങി’- രവി പറയുന്നു.
പിന്നീട് ഒത്തിരി തവണ രവി അവളെ വിളിച്ചു. വിളിക്കിടയിലെപ്പോഴോ അവള്‍ അവളെ കുറിച്ച് അയാളോട് പറഞ്ഞിരുന്നു. താന്‍ ആസിഡ് ആക്രമണത്തിന്റെ ഇരയാണെന്നും മധുരമായ ശബ്ദത്തിനപ്പുറം കരിഞ്ഞു പോയ ഒരു മുഖത്തിന്റെ ഉടമയാണെന്നും. എന്നാല്‍ ഇതൊന്നും രവിക്ക് പ്രശ്‌നമായിരുന്നില്ല. അത്രയേറെ ഇഷ്ടപ്പെട്ടു പോയിരുന്നു അവന്‍ അവളെ. ഒരു ദിവസം അവന്‍ അവളോട് ചോദിച്ചു…ഇനിയങ്ങോട്ട് നമുക്കൊരുമിച്ചു ജീവിച്ചാലോ എന്ന്. ‘അവളുടെ മുഖസൗന്ദര്യം താനൊരിക്കലും പരിഗണിച്ചിട്ടില്ല. അവള്‍ നല്ലൊരു വ്യക്തിയാണ്. സൗന്ദര്യത്തില്‍ ഭ്രമിച്ച് വിവാഹിതരായ എത്രയോ പേര്‍ പിന്നീട് പിരിയുന്നു. ദൈവം ഈ ജീവിത കാലം മുഴുവന്‍ സന്തോഷം നല്‍കി ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷ’-രവി പറഞ്ഞു.
2012ലാണ് ലളിതക്കു നേരെ ആസിഡ് ആക്രമണമുണ്ടാവുന്നത്. അസംഗറില്‍ കസിന്റെ കല്യാണത്തിനു പോയതായിരുന്നു അവള്‍. കല്യാണത്തിനു മാസങ്ങള്‍ക്കു മുമ്പേ അവളവിടെ എത്തിയിരുന്നു. അവളുടെ ഇളയ സഹോദരന്‍ സണ്ണിയും കസിന്‍ ബാബുവും തമ്മിലുണ്ടായ അടിപിടിയില്‍ ഇടപെട്ടതാണ് ലളിതക്ക് വിനയായത്. വഴക്കു കൂടിയ ഇരുവരേയും അവള്‍ അടിച്ചു. പിന്നീട് തന്നെ അടിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ ബാബു ലളിതക്കു നേരെ ആസിഡ് ബള്‍ബ് എറിയുകയായിരുന്നു. മുുംബൈയിലെ ഹോസ്പിറ്റലില്‍ ചികിത്സക്കിടെ ലളിത 12 ശസ്ത്രക്രിയകള്‍ക്കു വിധേയയായി. അടുത്ത മാസം വീണ്ടും 12 ശസ്ത്രക്രിയകള്‍ കൂടി ഇവര്‍ക്കു നടത്താനിരിക്കയാണ്.