കോട്ടയം: സ്കൂള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കുപ്പികള്പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതത. രണ്ടു വിദ്യാര്‍ഥികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ചാലുകുന്ന് ലിഗോറിയന്‍ പബ്ലിക് സ്കൂളിലായിരുന്നു സംഭവം. സ്കൂള്‍ വളപ്പിന് സമീപത്തെ സമീപവാസിയുടെ പുരയിടം വൃത്തിയാക്കാനെത്തിയ തൊഴിലാളികള്‍ മാലിന്യക്കുപ്പികള് സ്കൂള്‍ വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു.
ആസിഡ് ഉള്‍പ്പെടയുള്ള രാസപദാര്ഥങ്ങളായിരുന്നു കുപ്പിയുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. സ്കൂളിലെത്തിയ കുട്ടികള്‍ക്ക് കണ്ണ് നീറ്റലും ചിലര്‍ക്ക് തലകറക്കവും തളര്‍ച്ചയും അനുഭവപ്പെട്ടു. രൂക്ഷഗന്ധവും ഉണ്ടായിരുന്നു.
എല്‍കെജി, യുകെജി ക്ലാസിന് സമീപത്താണ് കുപ്പികള്‍ ഇട്ടിരുന്നത്. ഇതോടെ സ്കൂളിന് അവധി നല്കി. ലാബുകളില്‍ ഉപയോഗിക്കുന്ന കുപ്പികളാണ് പൊട്ടിക്കിടന്നിരുന്നത്.
ഇതില്‍നിന്ന് പുറത്തേക്ക് വമിച്ച രാസപദാര്ഥമാകാം അസ്വസ്ഥത സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി.