കോഴിക്കോട്: ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചേരി വീട്ടിൽ ഫസീല(22)യാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്നനാളവും ആമാശയവും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൈസൂർ കല്ല്യാണത്തിന്റെ ഇരയാണ് യുവതിയെന്ന് പോലീസ് അറിയിച്ചു.
ഏറെ പ്രായമുള്ളവർക്ക് യുവതികളെ അവരുടെ താത്പര്യം പരിഗണിക്കാതെ വിവാഹംചെയ്തു കൊടുക്കുന്ന രീതിയാണ് മൈസൂർ കല്യാണം. വ്യാഴാഴ്ച രാത്രിയാണ് ഫസീലയെ ഭർത്താവ് പുങ്കുനൂറുള്ള ബംഗളൂരുവിലെ ഹൗറള്ളിസ്ട്രീറ്റിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ച് ആസിഡ് കുടുപ്പിച്ചതത്രെ.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ നിർബന്ധിച്ച് ആസിഡ് കുടുപ്പിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പിയിൽ നേരത്തെ ആസിഡ് നിറച്ചുവച്ച ഭർത്താവ് തന്നെ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടു വർഷം മുമ്പായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഫസീലയുടെ സ്വർണാഭരണമെല്ലാം ഭർത്താവ് വീട് വയ്ക്കാനെന്ന വ്യാജേന കൈക്കലാക്കി. വീട്പണി തുടങ്ങാതിരുന്നതിനാൽ ഫസീലയും ബന്ധുക്കളും ഇതേക്കുറിച്ച് നൂറുള്ളയോട് നിരന്തരമായി ചോദിക്കുമായിരുന്നു. സ്വർണാഭരണങ്ങളെക്കുറിച്ച് ചോദിച്ചതോടെ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയിരുന്നതായും ഫസീലയുടെ പരാതിയിലുണ്ട്. മിക്ക ദിവസങ്ങളിലും ഇതേ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു.
ആസിഡ് ഉള്ളിൽച്ചെന്ന് അവശയായ ഫസീലയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഫസീലയെ അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.