തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ആസിഡ് കയറ്റിവന്ന ലോറിയില്‍ ഉണ്ടായ ചോര്‍ച്ച മൂലം മണിക്കൂറുകള്‍ പൂര്‍ണമായി ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി ഒന്‍പതോടെ പുനലൂരിന് സമീപം വെള്ളിമലയിലാണ് സംഭവം.
കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ലോറിയിലാണ് ചോര്‍ച്ച ഉണ്ടായത്.
ലോറിയുടെ ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് ടയര്‍ മാറ്റുന്നതിനായി നിര്‍ത്തവെയാണ് ലോറി ജീവനക്കാര്‍ ചോര്‍ച്ച കാണുന്നത്.
ഉടന്‍ പോലീസിലും ഫയര്‍ ഫോഴ്സിലും അറിയിച്ചു. തെന്മല പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചതോടെ ഗുരുതരമാണന്നു കണ്ടെത്തുകയായിരുന്നു.
ഇതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. അത്യാവശ്യ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വലിയ രീതിയില്‍ ആസിഡ് ചോര്‍ന്നതോടെ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ആസിഡ് ഒഴുകുന്നത് അധികൃതര്‍ തടഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം കെഎംഎംഎല്ലില്‍ നിന്നും എത്തിയ ലോറി ജീവനക്കാര്‍ വാഴയുടെ പിണ്ടി ഉപയോഗിച്ച് ചോര്‍ച്ച താല്‍ക്കാലികമായി ചോര്‍ച്ച അടച്ചു. ഇതോടെ ഒരു വശത്തുകൂടിയുള്ള ഗതാഗതം പോലീസ് പുനസ്ഥാപിച്ചു.
പിന്നീട് കൊച്ചിയില്‍ നിന്നും എത്തിയ വിദഗ്ധര്‍ വാല്‍വില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചു ഭീതി പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
ലോറി പിന്നീട് തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാട്ടുകാരില്‍ ചിലര്‍ക്ക് കണ്ണിനു ചൊറിച്ചിലും ചെറിയ രീതിയില്‍ നീറ്റലും അനുഭവപ്പെട്ടതൊഴിച്ചാല്‍ നിലവില്‍ ആര്‍ക്കും തന്നെ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലന്നു തെന്മല പോലീസ് പറഞ്ഞു.
രാത്രി ആയതിനാല്‍ വലിയ അപകടം ഒഴിവായെന്നും അധികൃതര്‍ വ്യക്തമാക്കി. റവന്യു മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം അടിയന്തിര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എല്ലാം അധികൃതര്‍ സ്വീകരിച്ചിരുന്നു. എംഎല്‍എ, ജില്ല കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തിയിരുന്നു.