ഇന്ത്യ നീങ്ങുന്നത് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക്! സള്‍ഫര്‍ ഡൈഓക്‌സൈഡിന്റെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു; അമേരിക്കന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞതിതൊക്കെ

ലോകാവസാനം അടുത്തു എന്ന് വിവിധകോണുകളില്‍ നിന്ന് മുറവിളി ഉയരുമ്പോഴും അതിന്റെ കാരണമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പലരും തയാറാവുന്നില്ല എന്നതാണ് സത്യം. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരതയൊക്കെ കണ്ടിട്ടുപോലും അതൊന്നും മനസിലാക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. ഈ ഗൗരവതരമായ വിഷയത്തില്‍ ഇപ്പോഴും പിന്നോട്ടാണ് ഇന്ത്യ സഞ്ചരിക്കുന്നത്. അതേസമയം, മലിനീകരണത്തിന്റെ ഗുരുതര പ്രശ്‌നങ്ങള്‍ അനുഭവിച്ചറിഞ്ഞ ചൈന അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വിജയം കണ്ടിരിക്കുകയാണ്. അന്തരീക്ഷം മലിനമാക്കുന്നതില്‍ ഏറ്റവും അപകടകാരിയായ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ അളവാണ് ഇന്ത്യയില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്. ചൈനയുടേതാകട്ടെ ഏഴു വര്‍ഷത്തിനകം 75 ശതമാനത്തിലേറെ കുറഞ്ഞു. യുഎസിലെ മേരിലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണു ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നും പഠനം കുറ്റപ്പെടുത്തുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ലോകത്തില്‍ ഏറ്റവുമധികം സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന രാജ്യമായും ഇന്ത്യ മാറും. അതേസമയം, ഇതുകൊണ്ടൊന്നും തീരുന്നില്ല, ഇന്ത്യയുടെ തിരിച്ചടികള്‍ എന്നാണ് സമാനമായ രീതിയില്‍ നടത്തിയിട്ടുള്ള മറ്റ് പല പഠനങ്ങളും തെളിയിക്കുന്നത്. ആസിഡ് റെയിനാണ് ഇതില്‍ പ്രധാനമായും ചൂണ്ടികാണിക്കപ്പെടുന്നത്. വിഷം നിറഞ്ഞ മൂടല്‍മഞ്ഞും ആസിഡ് മഴയും ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡ്. ഇവ ശ്വസിച്ചാലുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഏറെ. കല്‍ക്കരി ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ പ്ലാന്റുകളാണ് ഇവിടെ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ഭീഷണിക്കു പ്രധാന കാരണം. അതേസമയം വൈദ്യുതി ഉല്‍പാദനത്തിനു കല്‍ക്കരി വന്‍തോതില്‍ ഉപയോഗിച്ചിരുന്ന ചൈനയിലാകട്ടെ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡിനെതിരെയുള്ള പ്രതിരോധം ഫലം കണ്ടത്.

ലോകത്തില്‍ ഏറ്റവുമധികം കല്‍ക്കരി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. വന്‍തോതില്‍ കല്‍ക്കരി കത്തിച്ച് വിഷം നിറഞ്ഞ മൂടല്‍മഞ്ഞിനാല്‍ ഒരിക്കല്‍ വീര്‍പ്പുമുട്ടിയിരുന്നു ചൈന. ഇപ്പോഴും അത് തുടരുന്നുണ്ടെങ്കിലും സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ കുറവു വന്നതു നേട്ടമാണ്. 2000 മുതല്‍ക്കുതന്നെ ചൈന പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മലിനീകരണത്തിനു കാരണമാകുന്ന കമ്പനികള്‍ക്കു പിഴ ചുമത്തി. വിഷവാതകം പുറന്തള്ളുന്നതിന് പരിധികളും നിശ്ചയിച്ചു. സര്‍ക്കാരിടപെട്ട് നയപരമായിത്തന്നെ ഇതെല്ലാം നടപ്പാക്കിയതാണു വിജയം കണ്ടത്. എന്നാല്‍ വിഷം നിറഞ്ഞ മൂടല്‍മഞ്ഞിനു കാരണമാകുന്ന വസ്തുക്കളില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡ് 10 മുതല്‍ 20 ശതമാനം വരെയേ ഉള്ളൂ. അതിനാല്‍ത്തന്നെ പൂര്‍ണമായും മലിനീകരണ മുക്തമായിട്ടില്ല ചൈന. പക്ഷേ ഇന്ത്യയിലെ വൈദ്യുതിക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവിയില്‍ വിഷപ്പുക നിറഞ്ഞ മൂടല്‍മഞ്ഞ് ഇന്ത്യന്‍ നഗരങ്ങളെയെല്ലാം തന്നെ മൂടുമെന്നാണ് കരുതപ്പെടുന്നത്.

 

Related posts