മുറിയിൽ ഉറങ്ങുകയായിരുന്ന 22 കാരിയായ യുവതിയ്ക്കും പ്രായപൂർത്തിയാകാത്ത സഹോദരനും ആസിഡ് ആക്രമണത്തിൽ പരിക്ക്. ഇസത്നഗർ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബറേലിയിലാണ് സംഭവം.
യുവതി നീറ്റ് വിദ്യാർഥിനിയാണ്. സഹോദരൻ 11-ാം വിദ്യാർഥിയും. ഇവരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾക്ക് യുവതിയെ അറിയാമെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇരുവരും പുലർച്ചെ രണ്ട് മണി വരെ പഠിച്ചതിന് ശേഷം ഉറങ്ങാൻ പോയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. അമ്മ ആരെയും സംശയിച്ചില്ലെങ്കിലും പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് രണ്ട് യുവാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി . ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രണയാഭ്യർത്ഥന നിരസിച്ചതും സംഭവത്തിന് പിന്നിൽ കാരണമായേക്കാമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞതായി എഎസ്പി പറഞ്ഞു.