മുക്കം: കാരശ്ശേരി ആനയാംകുന്നിൽ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനായില്ല. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി പാസ്പോർട്ട് കോപ്പി പോലീസിന് ലഭിച്ചില്ലന്നാണ് വിവരം.
ഇതോടെ ഇയാളുടെ മേല്വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾവച്ച് കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനതാവളങ്ങളിലേക്ക് പോലീസ് അപേക്ഷ നൽകിയിരിക്കുകയാണ്. ഇവിടെ നിന്ന് മറുപടിലഭിച്ചാൽ മാത്രമേ ഇയാൾ വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കൂ.
സ്വന്തം വീട്ടുകാർ പോലും അറിയാതെയാണ് വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തി കൃത്യം നടത്തി മുങ്ങിയത്. മുൻ ഭർത്താവ് മാവൂർ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ സ്വപ്ന പോലീസിന് മൊഴി നൽകിയിരുന്നു. ആസൂത്രിതമായി നടത്തിയ ഈ കൊലപാതക ശ്രമത്തിൽ നിന്ന്അടുത്ത വീട്ടിലേക്ക് ഓടികയറിയതിനാലാണ് യുവതി രക്ഷപ്പെട്ടത്. യുവതി യുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച്ച വൈകുന്നേരം ആറോടെ ആനയാത്ത്ക്ഷേത്രത്തിനടുത്ത കോളനി പരിസരത്തുവച്ചാണ് യുവതിയെ അക്രമിച്ചത്. ഗോതമ്പ്റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റായ സ്വപ്ന (31) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടിൽ ഒളിച്ചിരുന്ന അക്രമി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയും തുടർന്ന് കത്തി കൊണ്ട് കുത്തിയും വെട്ടിയും പരുക്കേൽ പ്പിക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതി അത്യാസന്ന തരണം ചെയ്തു.ക്വാഷാലിറ്റിയിൽ നിന്ന് ഇവരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.