സീമ മോഹൻലാൽ
കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിൽ കഴിയുന്ന കൊച്ചി സിറ്റിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി വേറിട്ട ഓണ്‍ലൈൻ പ്രോഗ്രാം ഒരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മാനസികോല്ലാസത്തിനും പ്രചോദനത്തിനും വേണ്ടി ഗെയിം ചേഞ്ചർ എന്ന ഓണ്‍ലൈൻ പ്രോഗ്രാമാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും കൊച്ചി സിറ്റിയിലെ എസ്പിസി സ്കൂളുകളിൽ നിന്നുള്ള നാലു കുട്ടികൾക്ക് ഓണ്‍ലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാം. സിറ്റി പരിധിയിൽ 17 എസ്പിസി സ്കൂളുകളാണുള്ളത്. കേഡറ്റുകളുമായി സംവദിക്കുന്നത് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ്. ഒരു മണിക്കൂറാണ് പ്രോഗ്രാമിന്റെ ദൈർഘ്യം.
എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ നേതൃനിരയിലേക്ക് ഉയർത്തൽ, മൈൻഡ് സെറ്റിംഗ്, വിജയത്തിലേക്ക് എത്താനുള്ള മാർഗങ്ങൾ നിർദേശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
500ലധികം കുട്ടികൾ ഇതിനകം പങ്കെടുത്തു കഴിഞ്ഞു. ലോക്ക് ഡൗണ്‍ മൂലം പുറത്തുപോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായാണ് ഓണ്‍ലൈൻ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് എസ്പിസി ജില്ല നോഡൽ ഓഫീസറായ അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷ് പറഞ്ഞു.
ലോക്ക് ഡൗണ്‍ തീരുംവരും പ്രോഗ്രാം ഉണ്ടാകുമെന്നും 1500 ഓളം എസ് പിസി കേഡറ്റുകൾ പ്രോഗ്രാമിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അസി. ജില്ലാ നോഡൽ ഓഫീസർ മേരിദാസൻ പി.എൽ, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജി. വെങ്കിടേഷ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.
ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കൊവിഡ് 19 ചിത്രജാലകം എന്ന പേരിൽ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് സമ്മാനമുണ്ട്.
കൂടാതെ തെരഞ്ഞെടുക്കപ്പെട്ട 300 ചിത്രങ്ങൾക്ക് സ്കൂൾ ബാഗുകൾ സമ്മാനമായി നൽകും. എസ്പിസി പദ്ധതിയുടെ ബ്രേക്ക് ദ ചെയിൻ മേക്ക് ദ ചേഞ്ച് എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഇതെല്ലാം സംഘടിപ്പിച്ചത്.