ആലപ്പുഴ: കനത്തമഴയെ തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിലേക്ക് പ്രളയജലം കൂടുതലായി ഒഴുകിയെത്തുന്നു. എസി റോഡടക്കമുള്ള ഗതാഗത മാർഗങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി. നദികളുടെയും കായലിന്റെയും തോടുകളുടേയും തീരത്തുള്ള വീടുകളിലെല്ലാം വെള്ളവും കയറി. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ പലയിടത്തും മരങ്ങൾ വീണും വൈദ്യുതി ലൈനുകൾ പൊട്ടിയും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും ഷട്ടറുകൾ തുറന്നു. സ്പിൽവേയുടെ പൊഴിമുഖത്തിന്റെ വീതിയും കൂട്ടിത്തുടങ്ങി. അന്ധകാരനഴിയിലൂടെയും നീരൊഴുക്ക് ശക്തമായുണ്ട്. കടൽ ക്ഷോഭിക്കാതെ നിൽക്കുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് പോകുന്നുമുണ്ട്.
മഴ കനത്തതോടുകൂടി ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. തിരുവൻവണ്ടൂരിൽ വെള്ളക്കെട്ടിലകപ്പെട്ട മൂന്നംഗ കുടുംബത്തെ ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ ജീവനക്കാർ രക്ഷിച്ച് ക്യാന്പിലേക്കു മാറ്റി. ചെങ്ങന്നൂർ പിരളശേരി കോടം തുരുത്തിലെ 200-ഓളം പേരെ പോലീസും ഫയര് ഫോഴ്സും ചേര്ന്ന് ഒഴിപ്പിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട മേഖലയാണിത്.
അടിയന്തര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയുടെ സംഘങ്ങളും ജില്ലയിലെത്തി. പാങ്ങോട് സൈനിക ക്യാന്പിൽ നിന്നും 25 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ജില്ലയിലെത്തിയത്. ആവശ്യമെങ്കിൽ ജില്ലയിലേക്കെത്താൻ രണ്ടു സംഘങ്ങളെക്കൂടി പാങ്ങോട് ക്യാന്പിൽ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യാ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ചെങ്ങന്നൂരിലെത്തി.
കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതിനാൽ ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് താത്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു. പന്പയാറിനോടു ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ പലസ്ഥലത്തും വെള്ളം കയറി. തലവടി, കുതിരച്ചാലിൽ 45 വീടുകൾ വെള്ളത്തിലായി. രണ്ടുദിവസമായി തുടരുന്ന കാറ്റിലും മഴയിലും കുട്ടനാട്ടിൽ നൂറോളം വീടുകൾ ഭാഗീകമായി തകർന്നു. നാലു വീടുകൾ പൂർണമായും തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. മണ്ണഞ്ചേരിയിൽ 30 ഓളം വീടുകൾ തകരുകയും വീടുകളുടെ ഷീറ്റുകൾ പറന്നുപോയി നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ആലപ്പുഴ നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരുന്നതിനാൽ ജലാശയങ്ങൾക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകൾക്ക് ക്ലിയറൻസ് കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാത്രിവള്ളത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.
തകഴി കൃഷിഭവൻ പരിധി യിലെ വേഴപ്രാ പടിഞ്ഞാറ് ചെത്തിക്കളം പാടശേഖരത്തിൽ മടവീണു. 14 ഏക്കറോളം വരുന്ന പാടശേഖരമാണിത്. അഞ്ചുപേ രാണ് ഇവിടെ കൃഷി ചെയ്യുന്നത്. 65 ദിവസം പിന്നിട്ട കൃഷി നശിച്ചു
മാങ്കംകുഴി: ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ ആറിന് സമീപം താമസിക്കുന്ന ജനങ്ങൾക്ക് കളക്ടറുടെ നിർദേശ പ്രകാരം റവന്യൂ അധികൃതർ ജാഗ്രതാ നിർദേശം നൽകി. പന്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അച്ചൻ കോവിലാറിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിട്ടുണ്ട്. ആറിന്റെ തീരത്തെ വീടുകളിൽ വെള്ളംകയറി.
തഴക്കര പഞ്ചായത്തിൽ വെട്ടിയാർ ഇരട്ടപ്പള്ളിക്കുടം ഗവ. എൽപി സ്കൂൾ, കുന്നം ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇരട്ടപ്പള്ളിക്കുടം ഗവ. എൽപി സ്കൂളിലെ ക്യാന്പിൽ ഇന്നലെ വൈകുന്നേരം വരെ 25 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തഴക്കര പഞ്ചായത്ത് ഒന്പതാം വാർഡിൽ തേവേരി പുഞ്ചയുടെ പടിഞ്ഞാറെക്കര പൊയ്കയിൽകളം, കാക്കനാട് ഭാഗം, കൊട്ടാരത്തിൽകടവ് എട്ടാം വാർഡിൽ പുതുച്ചിറ എന്നീ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളംകയറി.
തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശം നല്കിയിട്ടുണ്ട്. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ സൂക്ഷിക്കണമെന്നും കളക്ടർ അറിയിച്ചു.
മങ്കൊന്പ്: കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. ഇന്നലെ മാത്രം കുട്ടനാട്ടിൽ ഒരടിയിലേറെയാണ് ജലനിരപ്പുയർന്നത്. എസി റോഡിന്റെ തെക്കൻമേഖലയിലാണ് പ്രളയം ഏറ്റവുമധികം ദുരിതം വിതയ്ക്കുന്നത്. എടത്വ, തലവടി, മുട്ടാർ, വീയപുരം പ്രദേശങ്ങിൽ മിക്ക പുരയിടങ്ങളിലും വെള്ളം കയറി. കുട്ടനാട്ടിലെ പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിനടിയിലായത് ഗതാഗതത്തിനു തടസമായി. ആലപ്പുഴ – ചങ്ങനാശേരി റോഡിൽ കെഎസ്ആർടിസി സർവീസ് നിർത്തിവച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ പുനരാരംഭിച്ചു. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ഇന്നലെമുതൽ ദുരിതാശ്വാസ ക്യാന്പുകളും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചു.
ഗതാഗത, വാർത്താവിനിമയ മാർഗളിലുണ്ടായിട്ടുള്ള തടസങ്ങൾ മൂലം ഇവയുടെ പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് റവന്യു വകുപ്പിൽ നിന്നും ലഭിക്കുന്ന സൂചന. തലവടിയിൽ രണ്ടു ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുടെ കൃത്യമായ കണക്കുകൾ ഇന്നലെ വൈകുന്നേരം വരെ താലൂക്കാഫീസിലെ കണ്ട്രോൾ റൂമിൽ ലഭിച്ചിട്ടില്ല. കിട്ടിയ വിവരമനുസരിച്ച് പുളിങ്കുന്ന്100, മുട്ടാർ 32, കൈനകരി സൗത്ത് 20, നോർത്ത് രണ്ട്, കുന്നുമ്മ ഒന്നുവീതം കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചതായിട്ടാണ് വിവരം.
ഇന്നലെ വരെ കാറ്റിലും മഴയിലും നാലു വീടുകൾ പൂർണായും തകർന്നു. റവന്യു വകുപ്പിനു ലഭിച്ച വിവരമനുസരിച്ച ഇതുവരെ 115 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവും, ശക്തമായ മഴയും തുടരുന്നതുമൂലം രണ്ടാംകൃഷിയിറക്കിയിരിക്കുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങൾ മടവീഴ്ചയിലായി.
തകഴിയിൽ ഇന്നലെ ഒരു പാടത്ത് മടവീഴ്ചയുണ്ടായി. മടവീഴ്ച ഒഴിവാക്കാൻ പാടശേഖര സമിതിയും കർഷകരും പുറംബണ്ടു സംരക്ഷണവുമായി ബന്ധപ്പെട്ടു ജാഗ്രതയിലാണ്.
ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ
മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. എൻഡിആർഎഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്. ഇരുവിഭാഗവും ചെങ്ങന്നൂർ ആർഡിഒയുടെ നിർദേശാനുസരണം പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാനായി 60 അംഗ സൈനവ്യും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയിരുന്നു.
മന്ത്രിമാരായ ജി.സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കളക്ടർ വിലയിരുത്തുന്നുണ്ട്. കുട്ടനാടുൾപ്പെടെയുള്ള പ്രദേശങ്ങളിൽ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം. ചെറുതന പെരുമാൻതുരുത്തിലെ വെള്ളകെട്ട് അടിയന്തരമായി നീക്കാൻ നടപടി ആരംഭിച്ചു. കിടങ്ങറ- ചങ്ങനാശേരി കനാലിലെ പോള നീക്കാനും ജില്ലാതലത്തിൽ മൂന്നും താലൂക്കു തലത്തിൽ ഓരോ പെട്രോൾ പമ്പിലും ഇന്ധനം ശേഖരിച്ചുവയ്ക്കാൻ ജില്ല സപ്ലൈ ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ട്രാക്ടറുകൾ കരുതലായിവയ്ക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.