അഭിനയം ഒരു കല തന്നെയാണ് സ്കൂളില്‍ പോകാതിരിക്കാനും സ്കൂളില്‍ നിന്നു അവധിയെടുത്ത് വീട്ടിലേക്ക് പോകാനുമൊക്കെ വയറുവേദനയും കാലുവേദനയുമൊക്കെ അഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമല്ല ആളുകളെ പറ്റിക്കുന്ന ഈ വിദ്യകളൊക്കെ തങ്ങള്‍ക്കും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ബാങ്കോക്കിലെ ഒരു നായയാണ് ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയത്.
പിന്‍കാലുകളിലൊന്ന് ഒടിഞ്ഞു തൂങ്ങിയ നിലയില്‍ നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയാണ് നായ ആളുകളെ ശ്രദ്ധയാകര്‍ഷിച്ചത്. ഭക്ഷണത്തിനു വേണ്ടിയാണോ അതോ വെറുതെ ഒരു നേരമ്പോക്കിനായി ആളുകളുടെ ശ്രദ്ധയാകര്ഷിക്കാനാണോ നായ ഇങ്ങനെ പെരുമാറിയതെന്നു വ്യക്തമല്ല. കാര്യമെന്തായാലും ഗേയ് എന്നു വിളിക്കുന്ന ഈ നായയെ നന്നായി അറിയാവുന്ന ഒരു പ്രദേശവാസിയാണ് നായയുടെ അഭിനയം പൊളിച്ചടുക്കിയത്.
ബൈക്കിലെത്തിയയാള്‍ നായയുടെ അവസ്ഥ കണ്ട് ബൈക്ക് നിര്‍ത്തി ഒടിഞ്ഞ കാല് പരിശോധിക്കാനെത്തി. ഇയാള്‍ വിളിച്ചതോടെ അഭിനയം നിര്‍ത്തി നാലുകാലില്‍ നിവര്‍ന്ന് നിന്ന നായ അരികിലേക്ക് ഓടിയെത്തി. അപ്പോള്‍ മാത്രമാണ് നായയുടെ അവസ്ഥ കണ്ട് പരിതപിച്ചവര്‍ക്ക് ഇത് വെറും അഭിനയം മാത്രമാണെന്ന് മനസ്സിലായത്. കാര്യമെന്തായാലും നായയുടെ ഈ കിടിലന്‍ അഭിനയം ഇതിനോടകം സോഷ്യല്‍ മീഡിയയുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്.
Ahahaha, clever dog!
Canny street mutt fakes a broken leg to get attention and food from passers-by in Bangkok pic.twitter.com/4NzMP8hido— Mad eagle (@notavulture) August 28, 2019