കോട്ടയം: ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരേ നടപടിയെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ സ്വകാര്യ ബസുടമകൾ.
നിയമം തങ്ങൾക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണെന്നും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സർവീസ് നടത്താത്ത കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് സ്വകാര്യബസുടമകൾ ആവശ്യപ്പെട്ടു. ഇതോടെ അവധി ദിവസ സർവീസിനെ ചൊല്ലി ബസ് പോര് മുറുകിയിരിക്കുകയാണ്.
ജില്ലയിലെ മിക്ക റൂട്ടുകളിലും ഞായറാഴ്ചയും അവധി ദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. നാട്ടുകാരുടെ പ്രതിഷേധം കടുത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസുകൾക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതും.
പാലാ- വലവൂർ-ഉഴവർ, പാലാ-രാമപുരം, പാലാ-പളളിക്കത്തോട്- കൊടുങ്ങൂർ, പാലാ-അയർക്കുന്നം-മണർകാട് റൂട്ട്, കോട്ടയം-ചേർത്തല, പാലാ-പൊൻകുന്നം തുടങ്ങിയ റൂട്ടുകളിലാണ് ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്താത്തത്. കെകെ റോഡിലും സ്വകാര്യ ബസുകൾ കുറവാണ്.
ഈ റൂട്ടുകളിലെ യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു ടാക്സി വാഹനങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ആശുപത്രി യാത്രക്കാർക്കാണ് ഞായറാഴ്ച ബസ് മുടക്കം കൂടുതൽ ദുരിതപൂർണമാകുന്നത്. പ്രവർത്തി ദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നുണ്ട്.
മൂന്ന് സർവീസുകൾ ഒറ്റ സർവീസ് ആക്കിയും ട്രിപ്പുകൾ ചുരുക്കിയുമാണ് മിക്ക സ്വകാര്യ ബസുകളും ഓടുന്നത്. ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും സ്വകാര്യ ബസുകൾ സർവ്വീസ് മുടക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരുമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയ്സണ് മാന്തോട്ടം മുന്നറിയിപ്പ് നൽകി.
കെഎസ്ആർടിസിയെ തൊടാൻ ധൈര്യമുണ്ടോ
അവധി ദിവസങ്ങളിൽ ഓടാത്ത കെ എസ്ആർടിസി ബസുകൾക്കെതിരെയും നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് ബസുടമകൾ. ഇക്കാര്യത്തിൽ സ്വകാര്യബസുകളോടും കെഎസ്ആർടിസി ബസുകളോടും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പാലാ യൂണിറ്റ് സെക്രട്ടറി ഡാന്റീസ് തെങ്ങുംപള്ളിക്കുന്നേൽ പറഞ്ഞു.
പാലായിൽ നിന്ന് മെയിൻ റൂട്ടുകളായ രാമപുരം, ഉഴവൂർ, കുറവിലങ്ങാട് ഭാഗങ്ങളിലേക്ക് പ്രൈവറ്റ് ബസുകളേക്കാൾ കൂടുതൽ ഓടുന്നത് കെഎസ്ആർടിസി ആണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.
എന്നാൽ ഈ റൂട്ടുകളിൽ ഞായറാഴ്ച ഉൾപ്പെടെ അവധിദിവസങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ലെന്നും എന്നിട്ടും അവർക്കെതിരെ ഒരു നടപടിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും സ്വകാര്യബസുടമകൾ പറയുന്നു.
കോവിഡിന് മുന്പുണ്ടായിരുന്ന ബസുകളുടെ എണ്ണം നേർപകുതിയായി കുറഞ്ഞു. സർവീസ് നടത്തുന്ന ബസുകൾതന്നെ ഭീമമായ നഷ്ടം സഹിച്ചാണ് ഓടുന്നത്. ഡീസൽ അടിക്കാനും ജീവനക്കാർക്ക് ശന്പളം കൊടുക്കാനും സാധിക്കാത്തതുകൊണ്ടാണ് ബാക്കി ബസുകൾ നിരത്തിലിറക്കാത്തതെന്നും സ്വകാര്യബസുടമകൾ പറയുന്നു.
ഞായറാഴ്ച സർവീസ് നടത്താത്തതിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഒരു ബസിന് 7500രൂപ വീതമാണ് ഫൈൻ അടിച്ചിരിക്കുന്നത്. അതേസമയം കെഎസ്ആർടിസി ബസുകൾക്കെതിരെ സർവീസ് നടത്താത്തതിന് ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
ഈ ചിറ്റമ്മനയം അംഗീകരിക്കാനാവില്ല. ഈ രീതി തുടർന്നാൽ ബസുടമകൾ പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കുമെന്നും ഡാന്റീസ് തെങ്ങുംപള്ളിക്കുന്നേൽ മുന്നറിയിപ്പ് നൽകി.
കർശന നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ്
പൊതുദിവസങ്ങളിലും ഞായറാഴ്ചകളിലും സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികാരികൾ.
അവധി ദിവസങ്ങളിൽ സർവീസ് നടത്താത്ത കെഎസ്ആർടിസി ബസുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോ അധികൃതരെ ഇക്കാര്യം അറിയിക്കും.
ഞായറാഴ്ചകളിൽ സ്വകാര്യബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തിവയ്ക്കുന്നതുമൂലം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
ഞായറാഴ്ചകളിൽ യാത്രക്കാർ വളരെ കുറവായതിനാലാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്നാണ് സ്വകാര്യബസുടമകളുടെ ഭാഷ്യം.
എന്നാൽ നിയമപരമായി ആർടിഎയുടെ അനുമതിയോടെ മാത്രമേ സർവീസുകൾ നിർത്തിവയ്ക്കാൻ സാധിക്കൂ എന്നും ഒരുബസുടമയും ഇതിനായി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് അനധികൃതമായി സർവീസ് നിർത്തിവച്ച ബസുടമകൾക്കെതിരേ കേസെടുത്തതെന്നും മോട്ടോർ വാഹനവകുപ്പ് അധികാരികൾ വിശദീകരിച്ചു.