പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ റംല ഇസ്മയിലിനെതിരേയാണ് വകുപ്പുതല നടപടിയ്ക്ക് കോട്ടയം എസ്.പി കെ. കാര്‍ത്തിക് മധ്യമേഖല ഡി.ഐ.ജിക്ക് ശിപാര്‍ശ നല്‍കിയത്.
ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതിക്കും എതിരേ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി.
ഈ പോസ്റ്റാണ് റംല ഷെയര്‍ ചെയ്തത്. ഇതിനെതിരേ ബി.ജെ.പി.നേതാക്കള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു.
ഇതോടെ റംല ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.
തന്റെ ഭര്‍ത്താവാണ് ഫേസ്ബുക്ക് കൈകാര്യം ചെയ്തിരുന്നതെന്നാണ് റംലയുടെ വിശദീകരണം.