കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മില്ലുങ്കലിൽ വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.
കാഞ്ഞിരമറ്റത്തെ ഹാർഡ് വെയർ ഷോപ്പിൽ നിന്ന് 24,000 രൂപയുടെ പ്ലംബിംഗ് വയറിംഗ് സാമഗ്രികൾ തലയോലപ്പറന്പ് ഡി.ബി. കോളജിന് സമീപത്തെ നിർമാണ സ്ഥലത്ത് എത്തിക്കാൻ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു.
അതിൻ പ്രകാരം വ്യാപാരി വാഹനം വിളിച്ച് സാമഗ്രികൾ കയറ്റവേ 6500 രൂപ കൂടി ഡ്രൈവറുടെ പക്കൽ കൊടുത്തുവിടണമെന്നും ആ പണം കാഞ്ഞിരമറ്റം മുസ്ലിം പള്ളിയുടെ സമീപം പാർക്ക് ചെയ്തിരിക്കുന്ന ലോറിയുടെ ഡ്രൈവറെ ഏൽപ്പിച്ച്, അതും കൂടി ഉൾപ്പെടുത്തി സൈറ്റിൽ നിന്നും പണം ഏൽപ്പിക്കാമെന്നും ഫോണിൽ പറഞ്ഞു.
അത്രയും പണമില്ലാത്തതിനാൽ 3500 രൂപ ഓട്ടോ ഡ്രൈവറെ ഏൽപ്പിച്ചു. എന്നാൽ പള്ളിയുടെ സമീപം എത്തിയപ്പോൾ ലോറി ഉണ്ടായിരുന്നില്ല.
തുടർന്ന് ആ നന്പറിലേക്ക് വിളിച്ച ഓട്ടോ ഡ്രൈവർ സുധീഷ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആ റോഡിലൂടെ തന്നെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശബ്ദവും ഹോണടിയുമെല്ലാം ഫോണിലൂടെയും കേട്ട് ആ പരിസരത്തു നിന്നു തന്നെയാണ് ഫോണ് വരുന്നതെന്ന് മനസിലാക്കി.
ലോറിക്കാരനെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോൾ ലോറി ഡ്രൈവറെ വിളിച്ചിട്ട് തിരിച്ചുവിളിക്കാം എന്നു പറഞ്ഞയാൾ സെക്കന്റുകൾക്കുള്ളിൽ തിരിച്ചുവിളിക്കുകയും സമീപത്തെ കടയിൽ പണം ഏൽപ്പിക്കുവാനും പറയുകയായിരുന്നു.
ഓട്ടോ അൽപ്പം ദൂരെ നിർത്തി പരിസരം വീക്ഷിച്ച സുധീഷ് കാഞ്ഞിരമറ്റം മുസ്ലിം പളളിയുടെ ആർച്ചിന് എതിർവശം നിന്ന് ഫോണ് ചെയ്യുന്ന ആളെ കണ്ടെത്തി.
താങ്കൾ ഇവിടെനിന്ന് തന്നെയല്ലേ ഫോണ് ചെയ്യുന്നത് എന്ന് ചോദിച്ച ഉടൻ തന്നെ അയാൾ ഫോണ് സ്വിച്ച് ഓഫ് ചെയ്തു. സമീപത്ത് ചെന്ന് ചോദിച്ചപ്പോൾ തട്ടിക്കയറുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.
സുധീഷ് പിറകേ ഓടി പരിസരവാസികളുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് മുളന്തുരുത്തി പോലീസ് എത്തി യുവാവിനെ കൊണ്ടുപോയി.
ഓട്ടോ ഡ്രൈവറും കട ഉടമയും ചേർന്ന് മുളന്തുരുത്തി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.