നടന് അശോകന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മയക്കുമരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പോലീസ് അറസ്റ്റു ചെയ്ത സംഭവമാണ് അശോകന് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
1988-ലാണ് സംഭവം. ഇന്നും താന്‍ ഏറെ നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമാണിതെന്ന് അശോകന് പറയുന്നു.അശോകന്റെ വാക്കുകള്‍ ഇങ്ങനെ…”ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് താന്‍ അന്ന് ഖത്തറില്‍ പോയത്.
അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല.
അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു.
ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു.
പിന്നീട് അവര്‍ എന്നെ നേരേ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പോലീസ് സ്റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി, അവര്‍ പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു.
എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു.
അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടുപോയി ഞങ്ങളെ വെവ്വേറെ സെല്ലിന് പൂട്ടി. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്.
ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാന്‍ കരഞ്ഞു. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാര്‍ എന്നെ ആശ്വസിപ്പിച്ചു…’
അശോകന്റെ വീഡിയോ കാണാം…