കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന് ബാല അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചിന് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റഷനിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ഇദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരേ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ മാനേജരുടെയും സുഹൃത്തിന്റെയും സഹായമുണ്ടെന്നാണ് പോലീസ് നിരീക്ഷണം. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയതായി കടവന്ത്ര എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു.
കുറേ ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു മകള്‍ പറഞ്ഞത്.
തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെ കുട്ടിക്കെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ ബാലയും പ്രതികരണങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് ബാലക്കെതിരേ മുന്‍ഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്.
വിവാഹമോചനത്തിനു ശേഷവും ശല്യം ചെയ്തു; മുന്‍ ഭാര്യയായ പരാതിക്കാരി
ബാലയുടെ ഭാഗത്തുനിന്ന് പലതരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെങ്കിലും മകളെ പൊതുമാധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതിയാണ് 14 വര്‍ഷം മിണ്ടാതിരുന്നത്. ഇനി നിശബ്ദയായിരിക്കാന് കഴിയില്ല. സഹിക്കാന്‍ പറ്റുന്നതിന്റെ പരിധിവിട്ടപ്പോഴാണ് പരാതി നല്‍കിയതെന്ന് മുന്‍ ഭാര്യയായ പരാതിക്കാരി സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘തന്നെയും മകളെയും ഒരുപാട് വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായിരുന്നു ഇത്. ശരീരികമായും മാനസികമായി തുറന്നുപറയാന്‍ സാധിക്കാത്ത തരത്തിലുള്ള പീഡനങ്ങള്‍ തുടര്‍ച്ചയായി നേരിടേണ്ടി വന്നു. മകളെയും അത് ബാധിച്ചുതുടങ്ങിയപ്പോഴാണ് ആ വീട്ടില്‍ നിന്ന് ഇറങ്ങിവന്നത്.
വിവാഹമോചനത്തിന് ശേഷമെങ്കിലും എങ്ങനെയെങ്കിലും സമാധാനത്തില്‍ ജീവിക്കണമെന്നു എന്ന് കരുതി. പക്ഷെ തങ്ങളെ പിന്തുടര്ന്നുവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടേയും മറ്റും വലിയ ആക്രമണങ്ങളാണ് തനിക്കും മകള്‍ക്കുമെതിരേ യുണ്ടായിരുന്നത്. മകളുടെ സ്കൂളില്‍ പോയി പോലും പ്രശ്നമുണ്ടാക്കി. ഓണ്‍ലൈനിലും ഓഫ്ലൈനിലും നിരന്തരമായ ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലപ്പുറമായി. മകളെയും അത് ഗുരുതരമായി ബാധിച്ചു’,
‘മകളുടെ കല്ല്യാണത്തിന് പോലും പണം തരില്ലെന്ന സ്റ്റേറ്റ്മെന്റ് എഴുതിയാണ് വിവാഹമോചന കരാറുള്ളത്. മകള്‍ക്ക് വേണ്ടി ആകെ ചെയ്തിരിക്കുന്നത് 15 ലക്ഷത്തിന്റെ ഒരു ഇന്‍ഷ്വറന്‍സ് ആണ്. അതിന്റെ പ്രീമിയം പോലും അടച്ചില്ല. മകളെ കാണണമെന്ന് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല. വളരെ ചെറിയ തുക തന്നാണ് വിവാഹമോചനക്കേസ് ക്ലോസ് ചെയ്തത്. എന്നിട്ടും കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് തങ്ങളെക്കുറിച്ച് പറഞ്ഞുനടക്കുന്നത്.- പരാതിക്കാരി അഭിമുഖത്തില്‍ പറയുന്നു.
ഒരിക്കല്‍ പോലും ബാല മകളെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മകളുടെ ഒരു കാര്യങ്ങളും അന്വേഷിച്ചിട്ടില്ല. തന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റ് ചാനലുകള്‍ക്ക് ലീക്ക് ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ചെയ്യാത്തതോ അറിവില്ലാത്തതോ ആയ കാര്യങ്ങളാണ് ബാല അഭിമുഖങ്ങളിലും മറ്റും പറഞ്ഞുനടന്നിരുന്നത്. കോടികള്‍ തട്ടിയെന്നതടക്കമുള്ളത് വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ്. ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലാണ് പരാതി കൊടുത്ത് കേസെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.
ബാലയ്ക്കെതിരായ പരാതിഗൂഢാലോചന: അഭിഭാഷക
നടന് ബാലയ്ക്കെതിരേ മുന്‍ ഭാര്യ നല്കിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. നോട്ടീസ് നല്കിയിരുന്നെങ്കില് ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നിട്ടും പോലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അഭിഭാഷക വ്യക്തമാക്കി.