തമിഴില്‍ നിന്നെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ബാല. പെറ്റ നാടിനേക്കാള്‍ പോറ്റിയ കേരളത്തെ സ്‌നേഹിച്ച നടന്‍. ബിഗ് ബി, പുതിയ മുഖം ഇപ്പോള്‍ പുലിമുരുകന്‍… ബാലയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക നീളുകയാണ്. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കെയാണ് ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ആ സന്തോഷത്തിന് ആയുസ് തീരെ കുറവായിരുന്നു. താളപ്പിഴകള്‍ അമൃത- ബാല ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കി.
വിവാഹമോചനത്തിനുശേഷം സിനിമയില്‍നിന്ന് കുറച്ചുകാലം വിട്ടുനിന്ന ബാല ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മെഹാഹിറ്റായി മാറിയ പുലിമുരുകനിലെ വില്ലന്‍വേഷം ബാലയ്ക്ക് വലിയ അഭിനന്ദനം നേടിക്കൊടുത്തു. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാഹമോചനത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ബാല മനസുതുറന്നു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍…
എനിക്ക് ഒരാളെ സുഹൃത്താക്കാന്‍ ഒരു ഡിമാന്‍ഡും വേണ്ട. പണക്കാരനായാലും പാവപ്പെട്ടവനായാലും നല്ല മനുഷ്യനായാല്‍ മതി. 90 ശതമാനം ആളുകളും നല്ലവരാണ്. എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും. അതാണ് എന്റെ ഏറ്റവും വലിയ ബലഹീനത. വ്യക്തിജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ എന്റെ കുടുംബത്തില്‍ നിന്ന് എല്ലാവരും വളരെ സപ്പോര്‍ട്ടാണ് നല്കിയത്. അവരുടെ ആശ്വാസവാക്കുകളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. അതുപോലെ ഭക്തനാണ് ഞാന്‍. മനസിന് സന്തോഷം വരുമ്പോഴും ദു:ഖം വരുമ്പോഴും ഭഗവാന്റെ അടുത്തെത്താന്‍ കൊതിക്കും. ജിപ്‌സികളെപ്പോലെയാണ് ഞങ്ങള്‍ സിനിമാക്കാരുടെ ജീവിതം. എവിടെ ഷൂട്ടിംഗ് ഉണ്ടോ അവിടെ ജീവിക്കും. കലാകാരന്മാര്‍ക്കു ഭാഷയൊരു അതിര്‍വരമ്പല്ലല്ലോ- ബാല പറഞ്ഞുനിര്‍ത്തുന്നു.