കോട്ടയം: കോട്ടയം – കരിപ്പൂത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്താൽ നിങ്ങൾക്ക് ടിക്കറ്റ് നല്കുന്നതു ബിജു കുമരകം എന്ന സിനിമ – സീരിയൽ നടനാണ്.
10 സീരിയലുകളിലും നാലു സിനിമകളിലും ബിജു ശ്രദ്ധേ യമായ വേഷം ചെയ്തിട്ടുണ്ട്. മിക്കപ്പോഴും പോലീസ് വേഷങ്ങളിലാണ് ബിജു അഭിനയിച്ചിരിക്കുന്നത്.
സിനിമയിലും സീരിയലുകളിലും തിളങ്ങുന്പോഴും കണ്ടക്ടർ ജോലി ഉപേക്ഷിക്കാൻ ബിജു തയാറായിട്ടില്ല.
ബസിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്പോഴും തിക്കി തിരക്കി നില് ക്കുന്ന യാത്രക്കാർക്കിടയിലൂടെ ടിക്കറ്റ് എടുക്കാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി നീങ്ങുന്പോഴും ഒരു നടനാണെന്ന ജാഡ ബിജു കാണിക്കാറില്ല.
തന്നെ തിരിച്ചറിഞ്ഞ യാത്രക്കാർ സീരിയലിൽ കണ്ടല്ലോ എന്നു ചോദിച്ചാൽ ഒരു പുഞ്ചിരി മാത്രമായിരിക്കും ഇയാളുടെ മറപടി.
‘ മാളൂട്ടി, കൂടെവിടെ, ശ്രീപദം, ചെന്പരത്തി, മിസ് ഹിറ്റ്ലർ, തുന്പപ്പൂ, മനസിനക്കരെ, ദയ തുടങ്ങിയവയാണ് ബിജു അഭിനയിച്ചിരിക്കുന്ന പ്രധാന സീരിയലുകൾ. മിക്ക സീരിയലുകളിലും പോലീസ് വേഷമാണ് ചെയ്തത്.
ഐജി, എസ്പി, സിഐ എന്നിങ്ങനെ നിരവധി വേഷങ്ങൾ. ശാന്തം, അച്ചായൻസ്, പട്ടാഭിരാമൻ, തുടക്കം എന്നിവയാണ് സിനിമകൾ. പുതിയ രണ്ടു സിനിമകളിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്.
കുമരകം ചുള ഭാഗത്ത് നടുപറന്പിൽ വീട്ടിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. സിനിയാണ് ഭാര്യ. മക്കൾ: അലീഷ, അശ്വിൻ.