കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിൽ. കേസിൽ പ്രതിയായ പൾസർ സുനി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. രണ്ടു വർഷമായി നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യകേന്ദ്രത്തിലാണ് രാവിലെ മുതൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം “ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.
പൾസർ സുനി ജയിലിൽനിന്നു കൊടുത്തയച്ച കത്തിൽ ദിലീപുമായുള്ള ബന്ധം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് ചിത്രം ലഭിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പോലീസ് പരിശോധിച്ചെന്നാണു സൂചന.
നടിയെ പ്രതി പൾസർ സുനി വാഹനത്തിൽവച്ച് ശാരീരികമായി അപമാനിക്കുന്നതെന്നു കരുതുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചെന്നാണു വിവരം. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലായിരുന്നു പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നു നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപ്പിച്ചെന്നുമൊക്കെയാണ് ചോദ്യം ചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്.