കേരളത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് തെരുവുനായ ശല്യം. ദിവസേന നിരവധി ആളുകളാണ് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരകളാകുന്നത്.
പലയിടത്തും ആളുകള്‍ വിഷം വെച്ച് നായ്ക്കളെ കൊല്ലുന്നതും പതിവായിരിക്കുകയാണ്. പല നായ്ക്കള്‍ക്കും പേവിഷ ബാധ ഉണ്ടെന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു.
എന്നാല്‍ നായ്ക്കളെ കൊലപ്പെടുത്തുന്നതിനെതിരെ ചില മൃഗസ്നേഹികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്.
പല സെലിബ്രിറ്റികളും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നടന് ഹരീഷ് പേരടി നടത്തിയ അഭിപ്രായപ്രകടനമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശ്നമേയുള്ളു കേരളത്തില്‍ എന്നാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍…
പിന്നെ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു… കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്…
പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ്(നിയമം അനുവദിക്കുമെങ്കില്‍) അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിന് അടങ്ങിയ പാനിയങ്ങള്‍)കൊടുത്ത് വളര്‍ത്തുകയെന്നതാണ്…
അല്ലെങ്കില്‍ എല്ലാവര്ക്കും ലൈഫ് പദ്ധതിയില്‍ പെടുത്തി കാറ് വാങ്ങികൊടുക്കുക… കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉല്പാദിപ്പിക്കാന് അറിയാത്ത…
മനുഷ്യരെ മാത്രം ഉല്പാദിപ്പിക്കാന് അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു…