സ്വന്തം ലേഖകൻ
തൃശൂർ: മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർതാരം ജയന്റെ ജൻമദിനം ആഘോഷിക്കാൻ ജയൻ ആരാധകർ തൃശൂരിലൊത്തുകൂടുന്നു. ഈ വരുന്ന ഞായറാഴ്ച സാഹിത്യ അക്കാദമി ഹാളിൽ രാവിലെ ഒന്പതിന് തുടങ്ങി വൈകീട്ട് അഞ്ചുവരെ ആഘോഷപരിപാടികളും തുടർന്ന് ജയന്റെ സിനിമ പ്രദർശനവും നടക്കും. തൃശൂരിൽ നാലുവർഷം മുൻപ് രൂപീകൃതമായ ജയൻ സാംസ്കാരിക വേദിയുടെ വാർഷികാഘോഷവും ഇതോടൊപ്പം നടത്തും. മേഘം മറയ്ക്കാത്ത താരം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജയൻ ആരാധകർ ഞായറാഴ്ച തൃശൂരിലെത്തുമെന്ന് സംഘാടകർ പറഞ്ഞു.ജയന്റെ കടുത്ത ആരാധകനായ റോബിൻ തിരുവനന്തപുരം തൃശൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് മോട്ടോർസൈക്കിളിൽ ആരാധക സന്ദേശയാത്ര നടത്തിയാണ് എത്തുക. 20ന് പുറപ്പെട്ട് 21ന് റോബിൻ തിരുവനന്തപുരത്തു നിന്ന്് തൃശൂരിലെത്തും.ജയന്റെ മറ്റൊരു ആരാധകനായ മജീഷ്യൻ ഷാജി കക്കുഴി പെരുന്പാവൂർ മാജിക് ഷോയും അവതരിപ്പിക്കും.
ജയന്റെ മേക്കപ്പ്മാനായിരുന്ന ജയമോഹൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.ജയരാജ് വാര്യർ മുഖ്യാതിഥിയായിരിക്കും.ജയൻ സിനിമകളെ ആസ്പദമാക്കി ചോദ്യോത്തര മത്സരം ഉണ്ടായിരിക്കും. മാധ്യമപ്രവർത്തകൻ ഭാനുപ്രകാശ് ജയൻ അനുസ്മരണ പ്രഭാഷണം നടത്തും.
ജയൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ജയഗീതങ്ങൾ എന്ന സംഗീതപരിപാടിയുമുണ്ട്. ജയൻ ആരാധകർ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.വൈകീട്ട് അഞ്ചിന് കേരള ചലചിത്ര അക്കാദമിയുടെ സഹകരണത്തോടെ ജയന്റെ തടവറ എന്ന സിനിമയുടെ പ്രദർശനം നടക്കും. ജയൻ സിനിമകളുടെ പോസ്റ്റർ പ്രദർശനവും ഒരുക്കുന്നുണ്ട്.