പ്രേക്ഷകർ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ക്ലാസിക് ഹിറ്റുകളിലൊന്നായ അലൈപായുതെ. മാധവൻ-ശാലിനി കോമ്പോയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹിറ്റാണ് അലൈപായുതെ.
എംബിബിഎസ് വിദ്യാർഥിനിയായ ശക്തിയും കാർത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അംഗമാണ് ശക്തി.
എഞ്ചിനീയറിങ് ബിരുദധാരിയായ കാർത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാർത്തിക്. ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്ന കാർത്തിക്കും ശക്തിയും പിന്നീട് പ്രണയത്തിലാവുന്നു.
ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് അലൈപായുതേയുടെ പ്രമേയം. തിരക്കഥയും സംവിധാനവും പാട്ടും അഭിനേതാക്കളും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്ന ചിത്രം കൂടിയായിരുന്നു അലൈപായുതെ. മാധവൻ എന്ന നടൻ ഇന്നും പ്രേക്ഷകന് പ്രിയങ്കരനാവുന്നത് കാർത്തിക്ക് എന്ന കഥാപാത്രത്തിലൂടെയാണ്.
അലൈപായുതെയുമായി ബന്ധപ്പെട്ട് നടൻ മാധവൻ അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അലൈപായുതെയുടെ വിജയത്തെ ബാധിക്കാതിരിക്കാൻ കുറച്ച് നാൾ വിവാഹിതനാണ് എന്ന കാര്യം മാധവനോട് മറച്ചുവെക്കാൻ ചിത്രത്തിന്റെ പി.ആർ വിഭാഗം ആവശ്യപ്പെട്ടിരുന്നുവെന്നാണ് മാധവൻ പറയുന്നത്.
വിവാഹിതരായ നടന്മാർ പ്രണയ നായകനായി ചലച്ചിത്രമേഖലയിൽ അരങ്ങേറിയിട്ടില്ലെന്നും അതിനാൽ വിവാഹിതനാണെന്നത് രഹസ്യമായി സൂക്ഷിക്കാൻ തയാറാകണമെന്നും ചിത്രത്തിന്റെ പിആർ വിഭാഗം അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് ആരാധകരുടെ മാഡി പറയുന്നത്.
വിവാഹിതനാണ് ചിത്രത്തിലെ നായകകഥാപാത്രം ചെയ്യുന്നയാളെങ്കിൽ പെൺകുട്ടികൾ അവനിൽ കൂടുതൽ താൽപര്യം കാണിക്കില്ലെന്നും അത് സിനിമയ്ക്ക് ദോഷകരമാകുമെന്നും അന്ന് അവർ വിശ്വസിച്ചിരുന്നുവെന്നും അഭിമുഖത്തിൽ മാധവൻ വ്യക്തമാക്കി.
എന്നാൽ താൻ ഇതേകുറിച്ച് സംവിധായകൻ മണിരത്നത്തോട് ചോദിച്ചപ്പോൾ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞതായും മാധവൻ കൂട്ടിച്ചേർത്തു.
സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമപ്രവർത്തകർ വിവാഹം ഉടൻ ഉണ്ടാകുമോയെന്ന് ചോദിച്ചുവെന്നും അന്ന് താൻ കാര്യങ്ങൾ മറച്ചുവെക്കാതെ വിവാഹിതനാണെന്ന കാര്യം തുറന്ന് പറഞ്ഞിരുന്നുവെന്നും മാധവൻ പറയുന്നു.
സരിതയാണ് മാധവന്റെ ഭാര്യ. ഒമ്പത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടനാണെന്നത് കൊണ്ട് ഭാര്യയെ താഴ്ത്തി പറയുകയോ മറച്ചുവക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അതുകൊണ്ട് തന്നെയാണ് അന്ന് വാർത്താസമ്മേളനത്തിൽ എല്ലാം താൻ തുറന്ന് പറഞ്ഞതെന്നും മാധവൻ പറഞ്ഞു.
-പിജി