മുംബൈ: ഒരു കാലത്ത് ബോളിവുഡിനെ കിടുകിടാ വിറപ്പിച്ച വില്ലന്‍ ആനന്ദ്(57) അന്തരിച്ചു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ ‘രംഗീല രാജ’ എന്ന ചിത്രത്തില്‍ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മുംബൈയിലെ വസതിയില്‍ അഴുകിയ നിലയില്‍ ശനിയാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുംബൈയിലെ അന്ധേരിയില്‍ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. ഭാര്യ മോസ്കോയിലായിരുന്നതിനാല്‍ നടന് തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഷെഹന്‍ഷാ, മജ്ബൂര്, കൂലി നമ്പര്‍ വണ്‍, കുരുക്ഷേത്ര, സ്വര്‍ഗ്, വിജേത, തൂഫാന്, ക്രാന്തിവീര്‍, അകയ്ലാ, ഗദ്ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലനായി. മോഹന്‍ലാലിനൊപ്പം അഭിമന്യൂ ഉള്‍പ്പെടെ ഏതാനും മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ധര്‍മേന്ദ്ര, സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, ഗോവിന്ദ, അമിതാഭ് ബച്ചന് എന്നിവരുടെയൊക്കെ കൂടെ മഹേഷ് ആനന്ദ് അഭിനയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അദ്ദേഹം കാലങ്ങളായി മുംബൈയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 18 വര്‍ഷത്തോളമായി തന്നെ ആരും സിനിമയിലേക്ക് വിളിക്കുന്നില്ലെന്നും ഭക്ഷണത്തിനുളള പണം കണ്ടെത്താന്‍ പ്രാദേശിക ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. രംഗീല രാജയില്‍ അഭിനയിച്ചതിന് ശേഷം അദ്ദേഹം സംവിധായകന് നന്ദി അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.