കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനായ മുഹമ്മദ് എന്ന മാമുക്കോയ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്.
1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടേയും മകനായി ജനിച്ച മാമുക്കോയയുടെ കോഴിക്കോടൻ സംഭാഷണശൈലി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാളസിനിമ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാമുക്കോയ എപ്പോഴും ഒരു പ്രധാന കഥാപാത്രമായിരുന്നു.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ ,ഒപ്പത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങി നിരവധി ചിത്രങ്ങൾ ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നവയാണ്.