കൊല്ലം: ഒരു സഹോദനെപ്പോലെയാണ് താന്‍ ദിലീപിനെ കണ്ടതെന്നും ഇത്തരക്കാരനാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മുകേഷ് എംഎല്‍എ. ഈ വിവരം തനിക്ക് വലിയൊരു ഷോക്കാണെന്നും മുകേഷ് പറയുന്നു. പള്‍സര്‍ സുനി തന്റെ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് ഒരു വര്‍ഷം മാത്രമാണെന്നും ഓവര്‍ സ്പീഡു കാരണമാണ് സുനിയെ പറഞ്ഞു വിട്ടതെന്നും മുകേഷ് വ്യക്തമാക്കി. അന്നൊന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു.
തന്റെ സഹപ്രവര്‍ത്തക കൂടിയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയുണ്ടോ എന്ന് അന്ന് കൃത്യമായി ആരായുകയും ചെയ്തു.പൊലീസ് അന്വേഷണം നേര്‍വഴിയിലാണ് പോകുന്നതെന്നും പറഞ്ഞു. ഇതിനിടെ മറ്റൊരു നടി ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ച് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ കരഞ്ഞു പറഞ്ഞു എന്നു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് നടിയോട് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടിയെന്നും മുകേഷ് വ്യക്തമാക്കി.
ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ നിലപാടാണ് തന്റെ പാര്‍ട്ടിയും സംഘടനയും എടുത്തത്. കഴിഞ്ഞ അമ്മയുടെ യോഗം നടക്കുന്ന സമയത്ത് അദ്ദേഹം ആരോപണ വിധേയനായിരുന്നു. ഇപ്പോഴാണ് അയാള്‍ കുറ്റക്കാരനാണെന്നു വ്യക്തമായത്. മുമ്പ് അയാള്‍ നിരപരാധിയാണെന്നു ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ അതു വിശ്വസിച്ചത് തെറ്റായിപ്പോയി. ഇപ്പോള്‍ സത്യം തിരിച്ചറിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിളിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു മുകേഷ്.അമ്മ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവിച്ച കാര്യത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുകേഷ് പറഞ്ഞു. അതേസമയം അക്രമണം നടക്കുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ മുകേഷിന്റെ ഡ്രൈവറുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി സുനില്‍കുമാര്‍ ബന്ധപ്പെട്ടെന്ന ആരോപണവും ഉയരുന്നുണ്ട്. 2013ല്‍ നടന്ന അമ്മയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. അന്ന് തന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് മുകേഷാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണി നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നത്.