കൊല്ലം: പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ കാരണം അമിതവേഗമാണെന്ന മുകേഷിന്റെ വാദം പൊളിയുന്നു. സുനിയുടെ ക്രിമിനല്‍ സ്വഭാവം തനിക്കറിയില്ലെന്ന മുകേഷിന്റെ വാദവും പൊളിച്ചടുക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുകേഷിന്റെ വീടുമായി പള്‍സറിനുണ്ടിയിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നതോടെ മുകേഷ് പ്രതിരോധത്തിലായിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന കഥയില്‍ പേരു സൂചിപ്പിക്കാതെ പരാമര്‍ശിക്കപ്പെടുന്ന താരം മുകേഷാണെന്നാണ് വിവരം.
‘എന്റെ ഡ്രൈവറായി ഏകദേശം ഒരുവര്‍ഷത്തോളം സുനി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒഴിവാക്കി. ആരോ പറഞ്ഞുവിട്ടതുവഴിയാണ് സുനി എന്നെ സമീപിച്ചത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നു, ഡ്രൈവര്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെ സുനി ചോദ്യം ചെയ്തിരുന്നു’ -കൊല്ലം എംഎല്‍എ. കൂടിയായ നടന്‍ മുകേഷ് പറയുന്നത് ഇങ്ങനെയാണ്. ഈ വാക്കുകളെയാണ് പ്രമുഖ മാധ്യമത്തിന്റെ എഡിറ്റ് പേജില്‍ പൊളിച്ചടുക്കിയിരിക്കുന്നത്. മുകേഷും പള്‍സറുമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണ് എഴുത്ത്.ആ എഴുത്ത് ഇങ്ങനെ…
പള്‍സര്‍ സുനി ദിലീപിനു വേണ്ടി ക്വട്ടേഷനെടുക്കുന്നതിനു മുന്‍പുള്ള കാലം. മറ്റൊരു നടന്റെ ഡ്രൈവറാണ് കക്ഷി. നടന്റെ കാറില്‍ പ്രതിശ്രുത വധു ഒറ്റയ്ക്കു പാലക്കാട്ടേക്കു പോവുകയാണ്. ഡ്രൈവറുടെ സീറ്റില്‍ സാക്ഷാല്‍ പള്‍സര്‍ സുനി. കുറെ ദൂരം ചെന്നപ്പോള്‍ മറ്റൊരു കാറില്‍ പള്‍സര്‍ സുനി കാറിടിപ്പിച്ചു. ഇടിയേറ്റവര്‍ പുറത്തിറങ്ങിയതോടെ സുനി ബഹളംവച്ചു തുടങ്ങി. അതോടെ ആളു കൂടി. കാര്‍ നടന്റേതാണെന്ന് സുനി വിളിച്ചു പറഞ്ഞതോടെ ജനം കാറിനുള്ളില്‍ നടനെ തിരഞ്ഞു. പക്ഷേ, കാണുന്നത് യുവതിയെ. ബഹളം മൂലം വിഷമിച്ചു പോയ അവര്‍, ഫോണില്‍ നടനെ വിളിച്ച് കാര്യം പറഞ്ഞു. എന്തു നഷ്ടപരിഹാരം കൊടുത്താണെങ്കിലും ഉടനടി അവിടെനിന്നു വണ്ടിയുമായി പോകാന്‍ നടന്‍ സുനിയോട് കല്‍പിച്ചു. ഇടിയും അനുബന്ധ നാടകവും പള്‍സര്‍ സുനി ആസൂത്രണം ചെയ്തതാണെന്നു മനസിലാക്കിയ നടന്‍, ഇനി താന്‍ വിളിച്ചിട്ടു ഡ്രൈവര്‍ ജോലിക്ക് എത്തിയാല്‍ മതിയെന്നു പറഞ്ഞ് അയാളെ യാത്രയാക്കി. കുറെ ദിവസം കഴിഞ്ഞിട്ടും നടന്‍ വിളിക്കാതിരുന്നതോടെ സുനി ഗുണ്ടകളെയുമായി കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലെത്തി നടനു നേരേ ഭീഷണി മുഴക്കി. പക്ഷേ, നടന്‍ മധുരവാക്കു പറഞ്ഞ് ഒരുവിധത്തില്‍ അവനെ ഒഴിവാക്കി വീണ്ടും തടിയൂരി.
പള്‍സര്‍ സുനി ഡ്രൈവറായിരുന്നുവെന്നു പറഞ്ഞ ഏക നടന്‍ മുകേഷായതിനാല്‍ കഥയില്‍ പരാമര്‍ശിക്കുന്ന നടനും ഇദ്ദേഹം തന്നയാണെന്നു കരുതാം. പാലക്കാട്ടേക്കു പോകുന്ന പ്രതിശ്രുത വധുവെന്ന പരാമര്‍ശം മുകേഷിന്റെ ഇപ്പോഴത്ത ഭാര്യ മേതില്‍ ദേവികയെക്കുറിച്ചാണെന്നാണ് ഇതു വായിക്കുമ്പോള്‍ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യലിലും പുറത്തു പറഞ്ഞ കഥ മുകേഷ് പറഞ്ഞാല്‍ കുടുങ്ങും. മുകേഷിന്റെ വീടുമായി പോലും അടുത്ത ബന്ധമുണ്ടായിരുന്ന പള്‍സറിനെ മാറ്റാന്‍ കാരണം മേതില്‍ ദേവികയുടെ ഇടപെടലാണെന്നാണ് പറയപ്പെടുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയ പള്‍സര്‍ സുനി സംഭവത്തിന് ശേഷം ചില സിനിമാക്കാരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയെ സിനിമാലോകത്തിനും സിനിമയെ സുനിക്കും നന്നായി അറിയാമെന്ന് പൊലീസ് വ്യക്തമായി കഴിഞ്ഞു. പത്തുവര്‍ഷത്തോളമായി ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കായിരുന്നു സുനിയുടെ യാത്ര. പലരുടെ കൂടെ ജോലി ചെയ്‌തെങ്കിലും ആരും സ്ഥിരമായി നിലനിര്‍ത്തിയില്ല. സ്വഭാവദൂക്ഷ്യം തന്നെ കാരണം. ആര്‍ക്കും എന്തും ചെയ്തു കൊടുക്കുമെന്നതാണ് സുനിയെ പലരുടെയും ഇഷ്ടക്കാരനാക്കിയത്.
ഇത്തരത്തില്‍ സുനി മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. കേസില്‍ അറസ്റ്റിലായ മാര്‍ട്ടിനില്‍ നിന്നാണ് പോലീസിന് ഈ വിവരങ്ങള്‍ കിട്ടിയത്.
ഇതിനുമുമ്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ഏകദേശം 30 ലക്ഷത്തോളം രൂപ ഈ താരങ്ങളില്‍നിന്ന് സുനി കൈക്കലാക്കിയിട്ടുണ്ട്. കൊച്ചിയിലെ ആക്രമണത്തിന് മുമ്പ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. സിനി ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ അംഗമല്ലാത്തവരെ ഒന്നിലെ അടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സുനിക്ക് ഇതു ബാധകമായിരുന്നില്ല. കേരള സിനി ഡ്രൈവേഴ്‌സ് അസോസിയേഷനില്‍ സുനി അംഗമല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് വിശദീകരിച്ചത്. ഈ വിവരങ്ങളെല്ലാം സുനിയ്ക്ക് പല പ്രമുഖരുമായി അടുപ്പമുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.