വെഞ്ഞാമൂട്: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ ലൈം ലൈറ്റിൽ തിളങ്ങിയ എസ്. നിരഞ്ജനെ എല്ലാവരും അറിഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടൽ എന്ന തന്റെ രണ്ടാമത്തെ ചിലച്ചിത്രത്തിൽ ബിലാൽ എന്ന ബാലന്റെ വേഷം തകർത്താടി സംസ്ഥാന ചലച്ചിത്രപുരസ്കാരം നാവായിക്കുളം വെട്ടിയറ എന്ന കൊച്ചുഗ്രാമത്തിലേക്ക് എത്തിച്ച നിരഞ്ജന്റെ വെള്ളിത്തിരയ്ക്ക് പിറകിലെ ജീവിതം അധികമാർക്കും അറിയില്ല.
സ്വന്തമായി ഒരു വീട് നിരഞ്ജനില്ല. താത്കാലികമായി ഷീറ്റ് മറച്ച ഒരു ഒറ്റമുറി ഷെഡും അടുക്കളയും മാത്രം. ഈ വീട്ടിലാണ് നിരഞ്ജനും സഹോദരി ഡിഗ്രി വിദ്യാർഥിനിയും കൂലിപ്പണിക്കാരായ മാതാപിതാക്കളും കഴിഞ്ഞുവന്നത്.
മാതാപിതാക്കൾ അന്നത്തിനുള്ള വകയ്ക്കായി കഷ്ടപ്പെടുമ്പോഴും നിരഞ്ജനിലെ കലാകാരൻ ഉയരങ്ങൾ താണ്ടാൻ വെമ്പുകയായിരുന്നു.
മികച്ച ഒരു ഫുട്ബോളർ കൂടിയായ നിരഞ്ജന് തനിക്കും സഹോദരിക്കും മാതാപിതാക്കൾക്കും മഴയും വെയിലുമേൽക്കാതെ അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് വേണം എന്ന സ്വപ്നത്തിന്റെ പിറകെയാണ്.
അഭിനയിച്ച് വലിയ ആളായി എല്ലാം നേടണമെന്ന നിരഞ്ജന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയുമായി സിപിഎം നിയന്ത്രണത്തിലുള്ള കെ. എം. ജയദേവൻമാസ്റ്റർ സൊസൈറ്റി രംഗത്തെത്തി. നിരഞ്ജനെ അനുമോദിക്കാനായാണ് സൊസൈറ്റി പ്രവർത്തകർ എത്തിയത്.
നിരഞ്ജന് സൊസൈറ്റിയുടെ ഉപഹാരം കൈമാറിക്കൊണ്ട് പ്രസിഡന്റ് മടവൂർ അനിൽ,വീട് സൊസൈറ്റി നിർമിച്ച് നല്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് മടവൂർ അനിൽ അറിയിച്ചു.
ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എസ്. രഘുനാഥൻ,സിപിഎം ഏരിയാകമ്മിറ്റി അംഗങ്ങളായ ജി. വിജയകുമാർ, ജി. രാജു, ലോക്കൽ സെക്രട്ടറി എൻ. രവീന്ദ്രനുണ്ണിത്താൻ, ഹജീർ, ദിലീപ് കുമാര്, രാമചന്ദ്രകുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു.സൊസൈറ്റിനിർമിക്കുന്ന മൂന്നാമത്തെ വീടാണ് എസ്. നിരഞ്ജനായി ഒരുക്കുന്നത്.