ഭക്ഷണത്തിൽ വിഷം കലർത്തി തന്ന് തന്റെ കിഡ്നി തകരാറിലാക്കിയത് സ്വന്തം സഹോദരനാണെന്ന് വെളിപ്പെടുത്തി നടൻ പൊന്നന്പലം.
ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്.
കുടിച്ചതുകൊണ്ടോ ലഹരി ഉപയോഗിച്ചതുകൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നതെന്നും നടൻ പറഞ്ഞു.
വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നപ്പോൾ തന്നെ സിനിമരംഗത്തു നിന്നും നിരവധി പേർ സഹായിച്ചെന്നും എന്നാൽ വിജയ്, അജിത്ത് തുടങ്ങിയവർ ഒന്നു വിളിച്ചുപോലും അന്വേഷിച്ചില്ലെന്നും പൊന്നന്പലം പറയുന്നു.
കുടിച്ചത് കൊണ്ടോ മറ്റ് ലഹരി മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ അല്ല എന്റെ കിഡ്നി തകരാറിലായത്. പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. ഞങ്ങൾ പതിനൊന്ന് മക്കളാണ്.
അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. ഒരിക്കൽ അദ്ദേഹം സ്ലോ പോയിസൺ ബിയറിൽ എനിക്ക് കലക്കി തന്നു. അത് എന്റെ കിഡ്നിയെയാണ് സാരമായി ബാധിച്ചത്.
അദ്ദേഹമാണ് എനിക്ക് ഇത് ചെയ്തെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ രസത്തിലും ഇതേ വിഷം കലക്കി തന്നു.
വിദഗ്ധ ചികിത്സയ്ക്കുശേഷം ഡോക്ടർമാരാണ് എന്റെ ഉള്ളിൽ വിഷാംശം കണ്ടെത്തുന്നത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു.
ഒരു ദിവസം രാത്രി പതിവില്ലാതെ എനിക്ക് ഉറക്കം വന്നില്ല, ഞാൻ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോൾ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് അകലെ കാണുവാനിടയായി.
എന്റെ ലുങ്കിയും എന്തോ ബൊമ്മയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴി കുഴിച്ച് മൂടുകയാണ് അവർ.
ഞാനത് കുറച്ച് നേരം ശ്രദ്ധിച്ചുനിന്നു. പിറ്റേദിവസം അസിസ്റ്റന്റിനെ ഒരു റൂമിൽ പൂട്ടിയിട്ട് ഞാൻ വിരട്ടി. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തറിയുന്നത്.
എന്റെ മെച്ചപ്പെട്ട ജീവിതം കണ്ട അസൂയയിലാണ് സഹോദരൻ ഇതുപോലുള്ള ദ്രോഹം ചെയ്യാൻ ഇറങ്ങിത്തിരിച്ചത്.
ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എനിക്ക് അണ്ണനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോൾ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും.
ആയിരത്തഞ്ഞൂറോളം സിനിമകളിൽ ഇടിയും കുത്തും കിട്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമാണ്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചിലവാക്കിയിരിക്കുന്നത്.
ചിരഞ്ജീവി സാർ ചെയ്ത് തന്നെ സഹായം മറക്കാനാവില്ല. അദ്ദേഹം എനിക്ക് വേണ്ടി 45 ലക്ഷം രൂപയോളം ചിലവ് ചെയ്തു.
രാംചരണിന്റെ ഭാര്യ നേരിട്ട് വന്ന് സംസാരിച്ചിരുന്നു. അതുപോലെയാണ് ധനുഷും. അദ്ദേഹത്തോട് രോഗത്തെ കുറിച്ച് ഫോണിൽ പറഞ്ഞുകൊണ്ടിരിക്കെ കാഷ് എനിക്ക് ക്രെഡിറ്റ് ചെയ്ത് തന്നു.
അതൊന്നും മറക്കാനാവില്ല. ശരത് കുമാർ സാറും ഒരുപാട് സഹായിച്ചു. അജിത്ത്, വിജയ്, വിക്രം ഇവരൊന്നും എന്നെ വിളിച്ചുപോലും അന്വേഷിച്ചില്ല.
അവരുടെയൊക്കെ കരിയറിന്റെ ആദ്യഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ഞാൻ. പരാതിയായൊന്നും പറയുന്നതല്ല. എനിക്കെന്തെങ്കിലും പറ്റിയാൽ ഇവരൊക്കെ എനിക്കുവേണ്ടി ഉണ്ടല്ലോ എന്നുഞാൻ വിചാരിച്ചിരുന്നു.
അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല അദ്ദേഹം വിളിച്ച് സുഖവിവരം അന്വേഷിക്കുമെന്ന് കരുതിയിരുന്നു.</i>പൊന്നമ്പലം പറഞ്ഞു.
സ്റ്റണ്ട്മാനായാണ് സിനിമയിൽ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. 1988ൽ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ചു. മലയാളത്തിൽ മൂന്നാം മുറ, താണ്ഡവം, ആട് 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.