ഒരു കാലഘട്ടത്തില്‍ മലയാള യുവതയുടെ ഐക്കണായിരുന്നു റഹ്മാന്‍. സംവിധായകന്‍ പത്മരാജന്റെ കണ്ടെത്തലായിരുന്നു ഈ നടന്‍. ക്രിസ്മസ് ദിനത്തില്‍ തങ്ങളുടെ കുടുംബത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ റഹ്മാന്‍. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണെന്നും,? ഷൂട്ടിംഗ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ഒന്നും നടത്താന്‍ ഇത്തവണ സാധിച്ചില്ലെന്നും തുടര്‍ന്ന് നടി രാധികയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച കാര്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തുറന്നു പറയുന്നു.
റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
രുചിയുള്ളൊരു ക്രിസ്മസ് കഥ. ക്രിസ്മസ് ദിനത്തില്‍ കുടുംബവുമൊന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് ഞങ്ങളുടെ പതിവുകളിലൊന്നാണ്. ഇത്തവണയും അതുണ്ടുവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രത്യേകിച്ചും മൂത്ത മകള്‍ റുഷ്ദ. ജോലിയുടെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം കിട്ടുന്ന ഓരോ നിമിഷവും എത്ര രുചിയുള്ളതാണെന്ന് ജോലിക്കാരിയായ അവള്‍ക്കുമറിയാം.
ഷൂട്ടിങ് തിരക്കുകളില്‍പെട്ടതിനാല്‍ മുന്‍കൂട്ടി തയാറെടുപ്പുകള്‍ ഒന്നും നടത്താന്‍ ഇത്തവണ എനിക്കു സാധിച്ചില്ല. പക്ഷേ, പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്മസ് ലഞ്ച് മുടങ്ങിയേക്കുമെന്നറിഞ്ഞതോടെ റുഷ്ദ സങ്കടപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ ഷൂട്ടിങ് ഒഴിവാക്കി ഞാന്‍ വീട്ടിലെത്തി. പ്രിയപ്പെട്ട റസ്റ്ററന്റുകളിലൊന്നും സീറ്റ് ബുക്ക് ചെയ്തിട്ടില്ല. ഏങ്കിലും എവിടെയെങ്കിലും സീറ്റുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ റെഡിയായി. എല്ലാവരും അവരുടെ പ്രിയപ്പെട്ട ഭക്ഷണം തിരഞ്ഞെടുത്തു. റുഷ്ദയ്ക്ക് ചിക്കന്‍ ഇല്ലാതെ പറ്റില്ല. ഇളയവള്‍ അലീഷ പക്ഷേ, ഇറച്ചി തൊടില്ല. മീനാണ് അവളുടെ പ്രിയം. എനിക്ക് ടര്‍ക്കിയുടെ ഇറച്ചി ആയാല്‍ കൊള്ളാമെന്നുണ്ട്.
ചിക്കന്‍, മീന്‍, ടര്‍ക്കി…മൂന്നും കിട്ടുന്ന ഹോട്ടലുകളേതൊക്കെയുണ്ട്? ഓരോത്തിടത്തായി വിളി തുടങ്ങി. അവസാന നിമിഷത്തില്‍ വിളിച്ചാല്‍ അവര്‍ എന്തു ചെയ്യാന്‍. എല്ലാ ഹോട്ടലുകാരും കൈമലര്‍ത്തി. അവിടെയെല്ലാം ബുക്കിങ് കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ഒരിടത്തും സീറ്റില്ല. സീറ്റുള്ള സ്ഥലത്ത് വേണ്ട മെനുവില്ല. ഇനി എന്തു വഴി? ഞാന്‍ റുഷ്ദയെ നോക്കി. അവളുടെ നിരാശ കലര്‍ന്ന സങ്കടമുഖം കണ്ടപ്പോള്‍ എനിക്കും സങ്കടമായി.
സുഹൃത്തുക്കളെ വിളിച്ചു പുതിയ സ്ഥലങ്ങളെപ്പറ്റി തിരക്കാമെന്ന് വിചാരിച്ചു ഞാന്‍ വീണ്ടും ഫോണെടുത്തു. പെട്ടെന്ന് എനിക്ക് രാധിക ശരത്കുമാറിനെ ഓര്‍മ വന്നു. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ്, എണ്‍പതിലെ താരങ്ങളുടെ കുടുംബസംഗമത്തില്‍ വച്ച് രാധിക ഏതോ ഒരു ഹോട്ടലിനെപ്പറ്റി പറഞ്ഞിരുന്നു. അത് ഏതെന്ന് അറിയാമെന്നു കരുതി ഞാന്‍ രാധികയെ വിളിച്ചു.
”റഷീന്‍, നീ എല്ലാവരുമായി ഇങ്ങോട്ടു വാടാ…ഇവിടെ ടര്‍ക്കിയുമുണ്ട്, ചിക്കനുമുണ്ട്, മീനുമുണ്ട്.”രാധിക ഫോണ്‍വച്ചു. എനിക്കൊരു വല്ലായ്മ തോന്നി. എങ്കിലും കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഞങ്ങള്‍ രാധികയുടെ വീട്ടിലേക്കു വണ്ടിവിട്ടു. ഒരു വലിയ ക്രിസ്മസ് സമ്മാനം അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലെത്തി അകത്തേക്കു ചെന്നപ്പോള്‍ സുഹൃത്തുക്കളുടെ ഒരു വലിയ പട തന്നെയുണ്ട് അവിടെ. ലിസി, രാജ്കുമാര്‍, ശ്രീപ്രിയ രാജ്കുമാര്‍… അവര്‍ക്കെല്ലാവര്‍ക്കുമൊപ്പം ആതിഥേയരായി ശരത്കുമാറും രാധികയും.
വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്ന്. അവിടെ ഇല്ലാത്തതൊന്നുമില്ല. ടര്‍ക്കിയുണ്ട്, ചിക്കനുണ്ട്, മീന്‍, ഞണ്ട്, ചെമ്മീന്‍…അങ്ങനെയെന്തു വേണമെങ്കിലുമുണ്ട്. മേശപ്പുറത്തെ വിഭവങ്ങള്‍ കണ്ടപ്പോള്‍, പിന്നെ ഒരു മാന്നേഴ്‌സും നോക്കിയില്ല. പട്ടിയും പൂച്ചയുമൊക്കെ ഭക്ഷണത്തിലേക്ക് ചാടിവീഴുന്നതു പോലെ ഞങ്ങളും ആര്‍ത്തിയോടെ എടുത്തുചാടി.
ഉഫ്ഫ്ഫ്….ഇപ്പോള്‍ ഇതെഴുതുമ്‌ബോഴും എന്റെ നാവില്‍ വെള്ളമൂറുന്നു. ഇത്ര രുചികരമായ ക്രിസ്മസ് വിരുന്ന് മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല. ക്രിസ്മസ് കേക്ക്…ഹൊ…. ഞാനെത്ര പറഞ്ഞാലും അതിന്റെ രുചിയുടെ സത്യസന്ധമായ വിവരണമാവില്ല. കഴിച്ചുനോക്കിയാലേ ആ രുചിയനുഭവം കൃത്യമായി കിട്ടൂ… വയറുനിറച്ചു കഴിച്ചെന്നല്ല, ഹൃദയം നിറച്ചുകഴിച്ചുവെന്നാണ് പറയേണ്ടത്. 2019 ക്രിസ്മസ് മറക്കാനാവാത്ത അനുഭവമായി. ഭക്ഷണത്തിന്റെ രുചി കൊണ്ടും ആതിഥേയരായ ശരത്കുമാറിന്റെയും രാധികയുടെയും സൗഹൃദത്തിന്റെ രുചി കൊണ്ടും…