മുംബൈ: മറാത്തി നടൻ രമേഷ് ഭട്കർ (70) അന്തരിച്ചു. അർബുദ ബാധിതനായി ഒന്നരവർഷത്തോളം ചികിത്സയിലായിരുന്ന രമേഷ് ഭട്കർ ജീവിതത്തിൽനിന്ന് മടങ്ങിയത് ലോക ക്യാൻസർ ദിനത്തിലും. മുംബൈയിലെ എലിസബത്ത് ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റൽ പ്രൈമിനിസ്റ്റർ എന്ന ചിത്രത്തിലാണ് രമേഷ് ഭട്കർ അവസാനം വേഷമിട്ടത്. ചിത്രത്തിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വേഷമായിരുന്നു രമേഷ് ഭട്കർ അഭിനയിച്ചത്.
രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30ന് ശിവാജി പാർക്കിൽ നടക്കും.