സുന്ദരന്‍ കണ്ണുകളും ആരെയും മയക്കുന്ന പുഞ്ചിരിയും റഹ്മാന്റെ പ്രത്യേകതകളായിരുന്നു. 80കള്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, റഹ്മാന്. കാലത്തിന്റെ കുത്തൊഴുക്കില്‍ പക്ഷേ റഹ്മാനും അടിതെറ്റി. സഹനടന്റെ റോളുകളില്‍ ഒതുങ്ങേണ്ടിവന്നതോടെ പതിയെ മലയാളം സിനിമയോട് വിടപറഞ്ഞ താരം കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. എന്നാല്‍ സിനിമയ്ക്കു റഹ്മാനെ വേണമായിരുന്നു. ബ്ലാക്കിലൂടെ വീണ്ടും മലയാളത്തിലേക്ക്, പിന്നീട് ട്രാഫിക്കിലും…സിനിമയില്ലാത്ത കാലഘട്ടങ്ങളില്‍ താന്‍ നേരിട്ട ജീവിതത്തിന്റെ കറുത്തമുഖത്തെക്കുറിച്ച് താരം മനസുതുറക്കുന്നു.
ജീവിതത്തില്‍ ഒരുപാട് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട് ഞാന്‍. ശോഭനയും രോഹിണിയുമായിരുന്നു ഗോസിപ്പുകഥകളിലെ നായികമാര്‍. അവരോടൊക്കെ എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അത് നിങ്ങള്‍ കരുതുന്നതുപോലുള്ള പ്രണയമായിരുന്നു. എല്ലാം തുറന്നുപറയാവുന്ന ആള്. അമലയുടെ കാര്യത്തില്‍ പക്ഷേ അങ്ങനെയായിരുന്നില്ല. എന്റെ ആദ്യ പ്രണയിനിയെന്ന് അവരെ പറയാം. സത്യത്തില്‍ ഞാനൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ അവരുമായി അടുക്കുമ്പോഴാണ്. പക്ഷേ എന്തുകൊണ്ടോ അത് പൊളിഞ്ഞു. സിനിമാസ്റ്റൈലില്‍ പ്രണയം വഴിമാറി പോകുകയായിരുന്നു.
നടി സിതാരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പടില്ലെന്ന് അവര്‍ വാശിപിടിച്ചു. അന്ന് എന്റെ നിയന്ത്രണം നഷ്ടമായി. പൊതുവേ എളുപ്പം ദേഷ്യം വരുന്ന ഞാന്‍ അന്ന് സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി- റഹ്മാന് പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നു.
സിനിമകള്‍ കുറഞ്ഞതോടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ തലപൊക്കി. പിന്നെ വന്നതെല്ലാം രണ്ടാംകിട റോളുകള്‍. ഹീറോ ആയി വന്നിട്ട് താഴാന്‍ മടി തോന്നി. എന്നാല്‍ ജീവിതത്തിലെ ലക്ഷ്വറി നിലനിര്‍ത്താന്‍ പറ്റാതായതോടെ മാനസികമായി തളര്‍ന്നു. പുറത്തിറങ്ങാന്‍ പോലും മടിയായി. പുറത്തിറങ്ങിയാല്‍ ആളുകള്‍ ചോദിക്കും. ഇപ്പോള്‍ സിനിമയൊന്നുമില്ലേ. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് ജര്‍മനിയില്‍ പോയി സെറ്റില്‍ ചെയ്യാന്‍ കൂട്ടുകാരൊക്കെ ഉപദേശിച്ചു. ജീവിതത്തെ എന്നും വെല്ലുവിളിയായി കാണുന്ന മനസാണ് എന്റേത്. വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പ്രതിസന്ധിപോലും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്തു. ട്രാഫിക്, മുംബൈ പോലീസ്, മുസാഫിര്‍, ബാച്ചിലര്‍ പാര്‍ട്ടി…രണ്ടാംവരവ് മോശമായില്ല- കുസൃതിനിറഞ്ഞ ചിരിയോടെ പറഞ്ഞുനിര്‍ത്തുമ്പോള്‍ ആ പഴയ റഹ്മാന്റെ അതേ ഊര്‍ജം.