അന്തരിച്ച നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ നസിം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്. സത്താര്‍ രോഗിയായതു മുതല്‍ ചികിത്സയ്‌ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
അടുത്തിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ ശസ്ത്രക്രിയ സംബന്ധമായ വിഷയത്തില്‍ ആദ്യഭാര്യ ജയഭാരതിയെ അടുത്തിടെ സത്താര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, തര്‍ക്കത്തിനൊടുവില്‍ അവര്‍ ഫോണ്‍ വച്ചതായി സത്താര്‍ പറഞ്ഞുവെന്ന് നസീം ബീന അറിയിച്ചതായും ഷമീര്‍ പറയുന്നു. എന്നാല്‍ സത്താര്‍ മരിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും ഷമീര്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് നസീം ബീന സത്താറിനെ ആശുപത്രിയില്‍ ചെന്ന് പരിചരിക്കുന്നത് നിര്‍ത്തുകയായിരുന്നു. സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ നടന്‍ സത്താര്‍ അന്തരിച്ചത്.