എസ്. മഞ്ജുളാദോവി
പ്രേംനസീറിനെപ്പോലെ പനിനീർപ്പൂവിന്റെ സൗന്ദര്യമുള്ള നടനായിരുന്നില്ല സത്യൻ. സിനിമയിൽ ആയാലും പുറത്തായാലും നായികമാരുടെ ഹൃദയം കവരുന്ന തരത്തിലെ ഒരു പുരുഷനുമായിരുന്നില്ല സത്യൻ.
കാൽപനിക സൗന്ദര്യം സ്പർശിക്കാത്ത ഘനഗംഭീര രൂപം. ഇംഗ്ലീഷിൽ റഫ് ആൻഡ് ടഫ് എന്ന് പറയുന്ന രീതിയിലെ രൂപവും ഭാവവും. നായികമാരുടെ പിന്നാലെ ചുറ്റിപ്പാടുന്ന പ്രകൃതവും സത്യനില്ല.
എങ്കിലും ഷീലയും ഷാരദയും ഒരുമിച്ച നിരവധി പ്രണയരംഗങ്ങളിൽ, ഗാനങ്ങളിൽ സത്യൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതൊരു പ്രത്യേകതരം പ്രണയഭാവമാണ്.
നിത്യയൗവനനായ പ്രേംനസീറിന്റെ നൂറുകണക്കിന് പ്രണയഭംഗികളേക്കാൾ ചിലപ്പോൾ ചൂഴ്ന്നിറങ്ങും സത്യന്റെ ചില പ്രണയഭാവങ്ങൾ.
കെ.എസ്. സേതുമാധവൻ അനശ്വരമാക്കിയ വാഴ്വേമായത്തിലെ നായകൻ സുധീന്ദ്രൻ നായരെ തന്നെ എടുക്കാം. ഭാര്യ ഷീല അവതരിപ്പിച്ച സരള എന്ന കഥാപാത്രം)യോട് അടങ്ങാത്ത പ്രണയമാണ് സുധീന്ദ്രന്.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അതീവ പൊസസീവ് ആയ കഥാപാത്രം. ഈ കരുതലും സ്നേഹവും തീരാത്ത സംശയമാറി മാറുന്നതും ഇവരുടെ ജീവിതം ദുരന്തമായി മാറുന്നതുമാണ് വാഴ്വേ മായം എന്ന സിനിമ.
എന്നാൽ ആദ്യരംഗങ്ങളിലെ സത്യന്റെ പ്രണയം ഒന്ന് റീവൈൻഡ് ചെയ്ത് കാണണം. “സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ’ എന്ന ഗാനരംഗത്തിൽ ഷീല “”എനിക്ക് പേടിയാകുന്നു” എന്നു പറയുന്പോൾ “എന്തിന്’ എന്ന സത്യന്റെ ഒരു ചോദ്യമുണ്ട്.
ആ ചോദ്യത്തിൽത്തന്നെ എല്ലാ സ്നേഹക്കരുതലും അടങ്ങിയിട്ടുണ്ട്. “ഓടയിൽ നിന്നി’ലെ റിക്ഷാക്കാരൻ പപ്പുവിന്റെയും “കരകാണാക്കടലി’ലെ തനി ഗ്രാമീണനായ തോമയുടെയും വേദനയുടെയും സഹനത്തിന്റെയും പരുക്കൻ ഭാവങ്ങൾ പകർന്നു തന്ന സത്യൻ തന്നെയാണ് ഇങ്ങനെ അതീവ രാഗലോലനായി മാറുന്നത്.
വിവാഹം കഴിഞ്ഞ രാത്രിയിൽ സത്യൻ എന്ന സുധീന്ദ്രൻ നായരുടെ “”പറയൂ നീ എന്നെ സ്നേഹിക്കുന്നുണ്ടോ..പറയൂ..” എന്ന ചോദ്യത്തിൽ തന്നെ അതിതീവ്രമായ പ്രണയത്തിന്റെ തുടിപ്പുണ്ട്.
പറയൂ എന്നുള്ള ആവർത്തനത്തിൽ ഇവരുടെ ജീവിതം തന്നെ തട്ടിത്തെറിപ്പിക്കുന്ന അതിവൈകാരികതയുടെ, പൊസസീവ്നെസിന്റെ ലാഞ്ചനയുമുണ്ട്.
സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകർ തിരിച്ചറിയാതെ പോകുന്നു സുധീന്ദ്രൻ നായരുടെ ഈ തന്റേതാക്കൽ അല്ലെങ്കിൽ വൈകല്യം. തുടക്കം മുതൽ സുധീന്ദ്രൻ നായരുടെ മാനസിക ഘടന സത്യൻ എന്ന നടൻ പ്രേക്ഷകരെ ബോധ്യമാക്കുന്നുണ്ട് എന്ന സത്യം സിനിമ ഒന്നുകൂടി കാണുന്പോൾ മാത്രമേ മനസിലാകൂ.
സംവിധായക പ്രതിഭയായ സേതുമാധവന്റെ പങ്ക് മറക്കുന്നില്ല. എന്നാൽ കഥാപാത്രത്തിലേക്ക് സത്യൻ ആഴ്ന്നിറങ്ങുന്പോൾ സംഭവിക്കുന്ന ഒരു മാന്ത്രികതയാണിത്. സത്യൻ അനശ്വരമാക്കിയ ഒരോ കഥാപാത്രത്തിലും ഈ ഒരു അലിഞ്ഞു ചേരലുണ്ട്.
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ സത്യനെക്കുറിച്ച് പറയുന്നത് കുറിക്കാം. പുതിയ കാലത്തെ അഭിനേതാക്കളുടെ കാഷ്വൽ അഭിനയത്തെക്കുറിച്ച് പറയുന്പോഴാണ് പഴയ സിനിമാകാലത്ത് ജീവിക്കുന്നത് പോലെ സ്വാഭാവികമായി അഭിനയിച്ച സത്യൻ മാസ്റ്ററെക്കുറിച്ച് ബാലചന്ദ്രമേനോൻ പറയുന്നത്.
ഓടയിൽ നിന്ന് എന്ന സിനിമയിലെ റിക്ഷാക്കാരൻ പപ്പുവിന്റെ നാച്വറൽ അഭിനയത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ പറയുന്നു- “”സത്യൻ മാസ്റ്റർ ചുണ്ടിൽ ബീഡി വച്ചാൽ അത് ബീഡി ആയിരിക്കും. മറ്റ് പലരും ചുണ്ടിൽ ബീഡി വച്ചാൽ അത് ബീഡിയായി തോന്നത്തില്ല.
തോന്നണമെങ്കിൽ അവർ ബീഡി വലിക്കുന്നതായി കാണിച്ച് ധരിപ്പിക്കണം.” സത്യൻ മാസ്റ്റർ ബീഡി ചുണ്ടിൽ വയ്ക്കുന്പോൾ തന്നെ മുഖഭാവത്തിൽ വരുന്ന മാറ്റത്തെകുറിച്ച് പറയുന്പോൾ “ഹാറ്റ്സ് ഓഫ് ‘എന്ന് മുകളിലേക്ക് കൈയുയർത്തിയാണ് ബാലചന്ദ്രമേനോൻ പറയുന്നത്.
സേതുമാധവന്റെ തന്നെ “യക്ഷി’യിലെ പ്രഫ.ശ്രീനിവാസൻ എന്ന കഥാപാത്രവും ഇങ്ങനെ പ്രണയത്തിനും സംശയത്തിനുമിടയിൽ വീർപ്പുമുട്ടുന്ന കഥാപാത്രമാണ്. താൻ തീവ്രമായി പ്രണയിക്കുന്ന ഭാര്യ രാഗിണി മനുഷ്യസ്ത്രീയല്ല യക്ഷിയാണ് എന്നുള്ളതാണ് സംശയം എന്നുമാത്രം.
ഇവിടെ നായകന്റെ മാനസിക ഘടനയ്ക്കപ്പുറം സാഹചര്യങ്ങളാണ് ട്രാജഡിയിലേക്ക് നയിക്കുന്നത്.പകുതി പൊള്ളിയ സ്വന്തം മുഖത്തിന്റെ വൈരൂപ്യവും അത് തീർക്കുന്ന അപകർഷതാബോധവുമായി പ്രണയത്തിനും സംശയത്തിനുമിടയിൽ ജീവിക്കുന്ന ശ്രീനിവാസനായി തീരുവാൻ സത്യനുമാത്രമേ സാധിക്കൂ.
“ഒരു പെണ്ണിന്റെ കഥ’യിലെ മാധവൻ തന്പിയായി അഭിനയിക്കുന്പോൾ അർബുദരോഗത്തിന്റെ അവസാനഘട്ടത്തിലായിരുന്നു സത്യൻ. ചുമച്ചും ചോര ഛർദിച്ചും ആണ് മാധവൻ തന്പി എന്ന വില്ലനായ മുതലാളിയെ അദ്ദേഹം അവതരിപ്പിച്ചത്.
ചോര വായിൽനിന്നൊഴുകുന്പോഴും അത് മറച്ചുപിടിച്ച് അഭിനയിച്ച സത്യനെപ്പറ്റി ഷീലയും സേതുമാധവനും പറയുന്നുണ്ട്. ഒടുവിൽ “അനുഭവങ്ങൾ പാളിച്ചകളുടെ’ ഷൂട്ടിംഗ് കാലത്ത് 1971 ജൂൺ 15നു സത്യൻ യാത്രയാകുന്പോൾ സേതുമാധവൻ പറഞ്ഞത് “”സത്യനില്ലാതെ ഇനി ഞാനെങ്ങനെ സിനിമയെടുക്കുമെന്നറിയില്ല” – എന്നാണ്.