സൂഫിയും സുജാതയും ഇറങ്ങിയതിന് പിന്നാലെ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന് ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം വാസുദേവ് മേനോനെപ്പോലെ ഒരു സംവിധായകനില്‍ നിന്ന് കേട്ട വാക്കുകള്‍ വലിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി എന്നോട് പറഞ്ഞു.
വൈകാതെ നമുക്കൊരു സിനിമ ചെയ്യണം. വളരെ കാഷ്വലായി പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു.
അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയില്‍ ഒരു വേഷം ഉണ്ടെന്നും അത് ചെയ്യാമോ എന്നുമായിരുന്നു അന്വേഷണം. കഥയും കഥാപാത്രത്തെയുംകുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.
അതിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. ചിമ്പുവാണ് നായകന് . -സിദ്ദിഖ്