കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് രാജിവച്ചു. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്റെ രാജി. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി.
ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി, അതുകൊണ്ട് രാജിവച്ചെന്നാണ് സിദ്ദിഖ് പറയുന്നത്. നടി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് പ്രതികരണം. ഇപ്പോഴുള്ളത് ഊട്ടിയില്‍, അതല്ലെങ്കില്‍ നേരിട്ട് വന്ന് പ്രതികരിക്കുമായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
തിരുവനന്തപുരത്തെ ഹോട്ടലിൽ സിനിമാ ചർച്ചകൾക്കായി വിളിച്ച ശേഷം പീഡിപ്പിച്ചെന്നാണ് സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണം.
ശനിയാഴ്ചയാണ് രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സിദ്ദിഖിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.
പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചിരുന്നു.
അതേസമയം രേവതി സമ്പത്തിന്റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന.