മലയാള സിനിമയില്‍ സഹതാരങ്ങളുടെ ഗണത്തില്‍ ഒന്നാം നിരയിലാണ് സുധീഷിന്റെ സ്ഥാനം. സഹോദരനായും സുഹൃത്തായും കോളജ് പയ്യനായും ചെത്തി നടന്ന ഒരു കാലമുണ്ടായിരുന്നു താരത്തിന്.
അടുത്തിടെ ഇറങ്ങിയ തീവണ്ടി,കല്‍ക്കി, ഇടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏതു കഥാപാത്രവും തന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നു താരം തെളിയിക്കുകയും ചെയ്തു.
ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ സുധീഷിന്റെ തിരിച്ചുവരവായിരുന്നു ഈ ചിത്രങ്ങള്‍.തന്റെ അഭിനയ ജീവിതത്തില്‍ വന്ന ബ്രേക്കിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുധീഷ്.
‘സ്റ്റീരിയോ ടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍. നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെ തേടിയെത്തിയത്.
നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടി വന്നില്ല.
ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍, അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു.പുതിയ അഭിനയജീവിതം ഏറെ ആസ്വദിക്കുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം. ഞാനത് ചെയ്തു അത്രേയുള്ളൂ.
ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും അഭിനയിക്കാനായി എന്നെ വിളിക്കുന്നു. അത് സന്തോഷം നല്‍കുന്ന കാര്യമാണ്.
പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.’ ഒരു സിനിമ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്.