വളരെക്കാലം സിനിമാമോഹവുമായി നടന്ന് സിനിമയില്‍ എത്തിപ്പെടുന്നവരാണ് ഒട്ടുമിക്കവരും. എന്നാല്‍ ചിലരുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരിക്കും.
സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് അഭിനയരംഗത്തു നിന്നും പിന്‍വാങ്ങുന്നവരുമുണ്ട്.ചിലര്‍ പിന്നീട് അത്തരം ചെറിയ ചെറിയ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടുന്ന നടന്മാരായി മാറും. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനുമുണ്ട് അത്തരമൊരു സിനിമാ അനുഭവം.
വനിതയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്ത് ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു അഭിമുഖത്തിനായി ചിത്രങ്ങള്‍ എടുക്കാന്‍ ചെന്നതായിരുന്നു മാര്‍ട്ടിന്‍.
അങ്ങനെയാണ് മീര ജാസ്മിനും ഉര്‍വശിയും തകര്‍ത്ത് അഭിനയിച്ച ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാര്‍ട്ടിന്‍ പ്രത്യക്ഷപ്പെടുന്നത്.
ഉര്‍വശി അവതരിപ്പിച്ച വനജ എന്ന കഥാപാത്രത്തിന്റെ അടുത്തുനിന്നും തയ്ച്ച വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഒരു ടെക്സ്റ്റയില്‍ തൊഴിലാളിയുടെ വേഷമായിരുന്നു മാര്‍ട്ടിന് ലഭിച്ചത്.
എന്നാല്‍ അഭിനയം മാര്‍ട്ടിന് പുത്തരിയായ കാര്യമല്ലെന്നതാണ് വാസ്തവം. കോളജ് കാലഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ബെസ്റ്റ് ആക്ടര്‍ ആയ ആളാണ് മാര്‍ട്ടിന്‍.
എന്നാല്‍ കാമറയ്ക്കു മുമ്പില്‍ നില്‍ക്കുന്നതിനേക്കാള്‍ കാമറയ്ക്കു പിന്നില്‍ നില്‍ക്കുവാനുള്ള ഇഷ്ടം മനസ്സില്‍ കയറിക്കൂടിയതോടെ സംവിധായകന്റെ തൊപ്പി അണിയുകയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കിയുള്ള ബെസ്റ്റ് ആക്ടര്‍ ആയിരുന്നു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിന്റെ ആദ്യ ചിത്രം. ദുല്‍ഖറിനെ നായകനാക്കിയുള്ള എബിസിഡി,ചാര്‍ലി എന്നീ സിനിമകളും വന്‍വിജയങ്ങളായി.
മാര്‍ട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘നായാട്ട്’ മികച്ച പ്രതികരണം നേടികൊണ്ട് ഓടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം തുടരുകയാണ് ഇപ്പോള്‍.