ചെന്നൈ: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്ന സൂചന നൽകി നടൻ അർജുൻ. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, വിജയ് ചിത്രം ലിയോയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അർജുൻ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ മുഖ്യ വില്ലനായാണ് അർജുൻ അഭിനയിച്ചത്. വിജയ് വേദിയിലിരിക്കുന്പോൾതന്നെയായിരുന്നു അർജുൻ ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 17ന് റിലീസ് ചെയ്ത ‘ലിയോ’ ഇതിനോടകം 600 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു.
അർജുന്റെ വാക്കുകൾ ഇങ്ങനെ… കുട്ടിക്കാലം മുതൽ വിജയിയെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യൻ. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു.
ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. വിജയ് ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യം. വിജയിക്ക് അതുണ്ട്- അർജുൻ പറഞ്ഞു.