
സൂപ്പര്‍സ്റ്റാര്‍ പദവിയില്ലെങ്കിലും മലയാള സിനിമയിലെ എണ്ണപ്പെട്ട നടന്മാരിലൊരാളാണ് വിനീത്. എണ്‍പതുകളിലെ പ്രണയ നായകനായി വിലസിയ വിനീത് മോനിഷയ്‌ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്.
ഒരു ആക്ടര്‍ എന്ന നിലയില്‍ തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകന്‍ ഹരിഹരന്‍ ആണെന്നും അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നും വിനീത് പറയുന്നു.
‘ഹരിഹരന്‍ സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന്‍ സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്.
ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന്‍ സാറും, കമല്‍ സാറും, അരവിന്ദന്‍ സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്‌കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’. വിനീത് ഓര്‍മകള്‍ പങ്കുവെക്കുന്നു.