ലൂസിഫറിലെ വില്ലന് ശബ്ദം കൊടുക്കാൻ ക്ഷണം വന്നപ്പോൾ എനിക്ക് ഭയമായിരുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ല. അത്രത്തോളം ബിഗ് ബജറ്റ് സിനിമയായിരുന്നുവല്ലോ…
പിന്നെ രാജുവാണ് ക്ഷണിച്ചത്. അവർ നിരവധിപേരെ പരീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഒന്നും ശരിയാവാതിരുന്നതിനാലാണ് എനിക്ക് അവസരം കിട്ടിയത്.
പണ്ട് അഭിനയിക്കുന്ന കാലത്ത് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാലും ആരും അനുവദിക്കില്ലായിരുന്നു. അന്നൊക്കെ കൃഷ്ണ ചന്ദ്രനായിരുന്നു എനിക്കു ശബ്ദം നൽകിയിരുന്നത്.
ഐ.വി ശശി സാറിന്റെ കൈയിൽ നിന്നാണ് ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. സീമ ചേച്ചിയും മറ്റ് നിരവധി കലാകാരന്മാരും അന്ന് അവിടെ ഉണ്ടായിരുന്നു.
ആയിരത്തൊന്ന് രൂപയായിരുന്നു പ്രതിഫലം. കുട്ടിയായിരുന്ന സമയത്ത് സെറ്റുകളിൽ ചെല്ലുമ്പോൾ താരങ്ങളെല്ലാം വിശ്രമ സമയങ്ങളിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ലാലേട്ടൻ, മമ്മൂക്ക എന്നിവരുടെ ഓട്ടോഗ്രാഫും ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഓർമയുടെ ചെപ്പിൽ എനിക്കൊരു അൽപം ഇടം എന്നാണ് അന്ന് മമ്മൂക്ക അതിൽ എഴുതി തന്നത്. –വിനീത്