കോട്ടയം: പാമ്പാടി സ്വദേശിയായ നടന് വിനോദ് തോമസിന്റെ മരണകാരണം കാറില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെത്തുടര്ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാറില്‍ മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് അനുമാനം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പാമ്പാടിയിലെ ബാറില്‍ എത്തിയ വിനോദ് പുറത്തിറങ്ങി തന്റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എസി ഓണാക്കിയ ശേഷം ഗ്ലാസ് ഉയര്‍ത്തി പൂട്ടിയിരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോള്‍ സുരക്ഷാ ജീവനക്കാരന് അസ്വഭാവികത തോന്നുകയും കാറിന്റെ ഗ്ലാസ് പൊട്ടിച്ച് വിനോദിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. സംസ്കാരം നാളെ മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.