മീടു കാംപെയ്ന് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ പാട്ടുകാരി ചിന്മയിയുടെ തുറന്നുപറച്ചിലിനും പിന്തുണയേറുന്നു. തനിക്ക് സിനിമലോകത്തെ ചില പ്രശസ്തരില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. ചിന്മയിയെ പ്രശംസിച്ച് നടന് സിദ്ധാര്‍ഥ്, നടി സാമന്ത തുടങ്ങിയവരും രംഗത്തെത്തി.
നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാടിന് കയ്യടി നല്‍കുകയാണ് സിദ്ധാര്‍ഥ്. ചിന്മയിയുടെ വെളിപ്പെടുത്തലോടെയാണ് മീ ടു ക്യാംപയിന് കോളിവുഡില്‍ തരംഗമായത്. സിനിമാസംഗീത രംഗത്ത് തിരക്കുള്ള ഗായികയായിരുന്നിട്ടും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെയാണ് ചിന്മയി വെളിപ്പെടുത്തലുകള്‍ നടത്തിയത്. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിട്ടും ചിന്മയി എടുത്ത നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും സിദ്ധാര്‍ഥ് ആവശ്യപ്പെടുന്നു.
ജീവിതത്തില്‍ പല ഘട്ടങ്ങളിലായി നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. ‘എനിക്ക് എട്ടോ ഒന്‍പതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള റെക്കോഡിംഗ് സെഷന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നത് പോലെ തോന്നി. ഞാന്‍ ഞെട്ടിയുണര്‍ന്ന് ഈ അങ്കിള്‍ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷന്‍സില്‍ വെച്ചായിരുന്നു ഇത്’. ചിന്മയി പറയുന്നു.
മറ്റൊരു അനുഭവത്തെക്കുറിച്ചും ചിന്മയി തുറന്നു പറയുന്നുണ്ട്. ‘സമൂഹത്തില്‍ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളില്‍ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോള്‍ അയാളെന്നെ പുറകില്‍ നിന്നും കെട്ടിപ്പിടിച്ചു. ഇക്കാര്യം പലരോടും തുറന്നു പറഞ്ഞു. എന്നാല്‍ എല്ലാവരും എന്നെ നിശബ്ദയാക്കുകയായിരുന്നു. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികമാരിലൊരാളായി പേരെടുത്ത താരമാണ് ചിന്മയി. ഗായിക എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വ്ളോഗറായുമൊക്കെ പേരെടുത്ത ചിന്മയി ഇപ്പോള്‍ കരിയറിലെ ഏറ്റവും നല്ല സമയത്തുമാണ്. ഹിറ്റായി ഓടുന്ന 96 സിനിമയില്‍ തൃഷയ്ക്ക് ശബ്ദം നല്‍കാനും മുഴുവന്‍ പാട്ടുകളും പാടാനും അതെല്ലാം ഹിറ്റാക്കാനും സാധിച്ചു.