നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഇനിയും ശമനമായിട്ടില്ല. സുപ്രീംകോടതി വരെ ഇടപെടേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങുകയുണ്ടായി കാര്യങ്ങള്‍. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ആവശ്യമുള്ളവര്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും വ്യക്തമാക്കുന്ന ഫേസ്ബുക്ക് പേജ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. തമിഴ് ഭാഷയിലുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരണം നടന്നിരുന്നത്. ഇതേത്തുടര്‍ന്ന് പൊതുപ്രവര്‍ത്തക സുനിതാ കൃഷ്ണന് നല്കിയ പരാതിയിന്മേലാണ് സുപ്രീംകോടതി ഫേസ്ബുക്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇതിനിടെ സംഭവം കോടതിയില്‍ എത്തിയതോടെ ഫേസ്ബുക്ക് പേജിലെ ഈ ഉള്ളടക്കം നീക്കം ചെയ്തു. അവഹേളിക്കുന്ന വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഫേസ്ബുക്കില്‍ വേണ്ടത്ര സംവിധാനങ്ങളില്ല. ഇതിനാല്‍ തന്നെ അശ്ലീല വിഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ആരും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ദിവസങ്ങളോളം സെര്‍വറില്‍ കിടക്കും.
ചെന്നൈ സ്വദേശി സായി വിജയ് എംഎസ്ഡി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലാണ് നടിയുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന പോസ്റ്റ് വന്നത്. ദൃശ്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം എന്ന അറിയിപ്പുമായി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഈ പ്രൊഫൈല്‍ തന്നെ അപ്രത്യക്ഷമായി. അതേസമയം, സായി വിജയ് ഈ വിഷയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സായി വിജയി എന്ന വ്യക്തിക്ക് നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈബര്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയാണ്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു തടയാന്‍ നടപടിയാവശ്യപ്പെട്ട് ഹൈദരാബാദിലെ പ്രോജ്വല എന്ന സംഘടന 2015 ഫെബ്രുവരിയില്‍ എഴുതിയ കത്തിനെ അടിസ്ഥാനമാക്കി കോടതി സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ സംഭവം സുപ്രീംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടത്.